തിരുവനന്തപുരത്ത് ഉണ്ടായതിന് സമാനം; ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം, അമ്പയർ മരിച്ചു

Thursday 19 February 2026 11:31 AM IST

കാൺപൂർ: ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയുണ്ടായ തേനീച്ച ആക്രമണത്തിൽ അമ്പയർ മരിച്ചു. മറ്റൊരു അമ്പയർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ കാൺപൂരിൽ അണ്ടർ 13 മത്സരത്തിനിടെയായിരുന്നു സംഭവം. അറുപത്തഞ്ചുകാരനായ മണിക് ഗുപ്തയാണ് മരിച്ചത്.

മത്സരം നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ഇളകി കാണികൾക്കും കളിക്കാർക്കും നേരെ പാഞ്ഞടുത്തത്. ചിലർക്ക് കുത്തേറ്റതോടെ കളിക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടാനായി പരക്കംപാഞ്ഞു. ഇതിനിടെ മണിക് ഗുപ്തയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. തേനീച്ചയുടെ കുത്തും ഇദ്ദേഹത്തിന് ഏറ്റിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, അവിടെ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ജഗദീഷ് ശർമ്മ എന്ന അമ്പയർക്കും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. പരിക്കേറ്റ മറ്റുള്ളവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് അറിയപ്പെടുന്ന അമ്പയറാണ് മണിക് ഗുപ്ത. മുപ്പതുവർഷത്തിലേറെയായി അദ്ദേഹം ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ശ്രദ്ധേയമായ നിരവധി പ്രദേശിക മത്സരങ്ങളിൽ ഇദ്ദേഹം അമ്പയറായിരുന്നു. അതേസമയം, തേനീച്ച ഇളകാനിടയായതെങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

2019ൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരം തേനീച്ചകൾ ഇളകിയതിനെത്തുടർന്ന് നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. മത്സരം ആരംഭിച്ച് 15 മിനിട്ട് കഴിഞ്ഞപ്പോഴാണ് തേനീച്ച ആക്രമണമുണ്ടായത്. നിരവധിപേർക്ക് കുത്തേറ്റെങ്കിലും ആർക്കും ജീവഹാനി ഉണ്ടായില്ല.