'അന്ന് സുരേഷ് ഗോപിയാണ് പണം തന്ന് സഹായിച്ചത്, മന്ത്രി ആയതിന് ശേഷവും വിളിക്കാറുണ്ട്'
90കളിലെ മലയാള സിനിമകളിൽ തിളങ്ങിനിന്ന നടനാണ് അപ്പ ഹാജ. സൂപ്പർതാരങ്ങൾക്കൊപ്പം ചെറിയ റോളുകളിലൂടെയെത്തിയാണ് അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കിയത്. എന്നാൽ വളരെ പെട്ടെന്നാണ് അദ്ദേഹം തന്റെ സിനിമാ കരിയർ ഉപേക്ഷിച്ചത്.
അത് ഒരു ബോധപൂർവമുള്ള തീരുമാനം ആയിരുന്നുവെന്നാണ് നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഫുട്‌വെയർ അടക്കമുള്ള ബിസിനസുകളാണ് അപ്പ ഹാജയുടെ ശ്രദ്ധ. സിനിമാ ജീവിതം അവസാനിപ്പിച്ചശേഷവും നിരവധി സിനിമകൾ തന്നെ തേടിയെത്തിയെന്നും അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി. നടൻ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അഭിമുഖത്തിൽ അപ്പ ഹാജ വ്യക്തമാക്കുന്നുണ്ട്.
'ഇപ്പോഴും എപ്പോഴും വിളിച്ച് സംസാരിക്കുന്ന ഒരാളാണ് സുരേഷ് ഗോപി. മന്ത്രി ആയതിന് ശേഷവും ചില ആവശ്യങ്ങൾക്ക് ഞാൻ വിളിച്ചിട്ടുണ്ട്. എന്റെ ഒരു പരിചയക്കാരന്റെ മകന്റെ കിഡ്നി മാറ്റിവയ്ക്കാനായി കേന്ദ്ര സർക്കാർ സഹായം അദ്ദേഹം ശരിയാക്കി തന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ, പണ്ട് ഈ ഫുട്‌വെയർ ബിസിനസ് ഓക്കെ നടത്തുമ്പോൾ പർച്ചേസിന് പോകുമ്പോൾ ഒരുപാട് ക്യാഷ് ആവശ്യമായി വരും. അവിടെ ക്യാഷ് ആയിട്ട് കൊടുത്താലേ നമുക്ക് മെച്ചം കിട്ടൂ. അപ്പോൾ ഞാൻ പുള്ളിയോട് ചോദിക്കും. ഒരു ലക്ഷം രൂപ സാലറി വാങ്ങിച്ചുകൊണ്ടിരിക്കുന്ന സമയത്തും 50,000 രൂപ എനിക്ക് അതിൽ നിന്ന് അദ്ദേഹം തരുമായിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് കേട്ടോ. നല്ല സ്‌നേഹമുള്ള മനുഷ്യനാണ് സുരേഷ് ഗോപി. ഫാമിലിമാനാണ്'- അപ്പ ഹാജ വ്യക്തമാക്കി.