കൂടത്തായി : ജോളി അടക്കമുള്ള മൂന്ന് പ്രതികളും ജയിലിൽ, രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ വാദം എതിർത്ത് പൊലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും താമരശേരി കോടതി റിമാൻഡ് ചെയ്തു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. നാളെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിതക്കും.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഇരുവരുടെയും അറസ്റ്റ് നാളെ രേഖപ്പെടുത്തുകയാണെങ്കിൽ അവരെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നാളെത്തന്നെ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.
അതേസമയം, അഭിഭാഷകർ കോടതി മുറിയിൽവച്ച് പ്രതികളുമായി രഹസ്യമായി സംസാരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ മാത്രം പ്രതികളുമായി അഭിഭാഷകർക്ക് സംസാരിക്കാൻ കോടതി അനുമതി നല്‍കി.