മെട്രോയില്‍ മദ്യം കൊണ്ട് പോകാന്‍ അനുമതിയുണ്ടോ? വിശദീകരണം നല്‍കി അധികൃതര്‍

Thursday 19 February 2026 8:42 PM IST

ഗതാഗത കുരുക്ക് അതിരൂക്ഷമായ നഗരങ്ങളില്‍ മെട്രോ റെയില്‍ യാത്ര സംവിധാനം വലിയ ആശ്വാസമാണ്. ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന ബംഗളൂരു നഗരത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ മെട്രോ റെയില്‍ ഇല്ലാതെ നഗരജീവിതം മുന്നോട്ട് പോകില്ല എന്ന സ്ഥിതിയാണ്. ദിവസേന 10 ലക്ഷം യാത്രക്കാരാണ് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നമ്മ മെട്രോ സൗകര്യം ഉപയോഗിക്കുന്നത്. ആളുകള്‍ക്ക് സമയബന്ധിതമായി ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് അത്യാവശ്യ ഇടങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്താന്‍ നമ്മ മെട്രോ സഹായകമാകുന്നു.

യാത്രക്കാര്‍ക്ക് വേഗമേറിയതും ആധുനികവുമായ യാത്രകള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിക്കുന്ന നമ്മ മെട്രോ ഇപ്പോള്‍ പുതിയൊരു മാറ്റത്തിന് കൂടി തയ്യാറാകുകയാണ്. മെട്രോയില്‍ യാത്ര ചെയ്യുന്ന ബംഗളൂരു നിവാസികള്‍ക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചേക്കും. പക്ഷേ മദ്യക്കുപ്പികള്‍ സീല്‍ ചെയ്ത് ഭദ്രമായി പാക്ക് ചെയ്തതായിരിക്കണം എന്നൊരു വ്യവസ്ഥ കൂടി ബാധകമാക്കിയേക്കും. ഈ വിഷയത്തില്‍ ബിഎംആര്‍സി നിരവധി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

എന്നാല്‍ എല്ലാ മെട്രോ റെയില്‍ ലൈനിലെ യാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാകില്ല. നിലവില്‍ ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് ലൈനില്‍ മദ്യം കൊണ്ടുപോകാന്‍ അനുമതിയുണ്ട്. സമാനമായി നമ്മ മെട്രോ എയര്‍പോര്‍ട്ടിലേക്ക് കണക്ട് ചെയ്യുമ്പോള്‍ മദ്യം കൊണ്ടുപോകാനുള്ള അനുമതിയും ലഭിക്കും. എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മദ്യം ലഭ്യമാണെന്നതും വിദേശത്ത് നിന്ന് വരുന്നവര്‍ മദ്യം കൊണ്ട് വരുന്നതുമാണ് അതിന് അനുമതി നല്‍കാനുള്ള കാരണം. അതേസമയം, ബംഗളൂരു മെട്രോ വിമാനത്താവളവുമായി കണക്ട് ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.