ട്രെയിലർ ലോഞ്ചിനിടെ എസ് എൻ സ്വാമിയെ തട്ടിമാറ്റി മോഹൻലാൽ, യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് വിശദമാക്കി തിരക്കഥാകൃത്ത്

Thursday 19 February 2026 9:07 PM IST

ബി. ഉണ്ണക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം പ്രതിച്ഛായയുടെ ട്രെയിലർ ലോഞ്ചിനിടെ മോഹൻലാൽ പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയെ തട്ടിമാറ്റിയെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ വ്യാജ പ്രചാരണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയണ് എസ്.എൻ സ്വാമി.

തന്നോട് മോഹൻലാൽ മോശമായി പെരുമാറി എന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് എസ്.എൻ. സ്വാമി പറഞ്ഞു. ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെ ഉണ്ടായ തിരക്കിലെ ദൃശ്യങ്ങൾ മനഃപൂർവം എഡ‌ിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'സ്വാമി ഞാനൊന്ന് പൊക്കോട്ടെ' എന്ന് മോഹൻലാൽ തന്നോട് സ്നേഹത്തോട് ചോദിച്ച കാര്യത്തെയാണ് വിവാദമാക്കിയതെന്നും മറിച്ച് ക്യാമറയുമായി തിക്കിത്തിരക്ക് വന്നവരോടാണ് താരം ബാക്കി കാര്യങ്ങൾ പറഞ്ഞതെന്നും സ്റ്റെപ്പുകൾ ഇറങ്ങാൻ മോഹൻലാൽ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നും എസ്.എൻ സ്വാമി പറഞ്ഞു. പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്രപോലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും സ്വാമി വ്യക്തമാക്കി.

സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കലും പ്രതികരിച്ചിരുന്നു. മോഹൻലാൽ അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ വന്ന യുട്യൂബേഴ്‌സിനോടായിരിക്കുമെന്നും എസ്.എൻ സ്വാമി സ്റ്റെപ്പ് കയറുകയല്ല,​ ഇറങ്ങി വരികയാണെന്നും സിദ്ധു പനയ്ക്കൽ ചൂണ്ടിക്കാണിച്ചു. ക്ഷമയോടെ മണിക്കൂറുകളോളം ഒരേ നില്പ് നിന്ന് നാലായിരവും അയ്യായിരവും ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ആളാണ് മോഹൻലാലെന്നും അദ്ദേഹത്തോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപ്പറ്റിയും മോഹൻലാലിനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നത് വിശ്വസിക്കില്ലെന്നും സിദ്ധു പനയ്ക്കൽ കൂട്ടിച്ചേർത്തു.