ലളിതകലാ അക്കാഡമിയിലെ ആഭ്യന്തരയുദ്ധം പരസ്യപ്പോരിലേക്ക്

Friday 20 February 2026 12:05 AM IST

തൃശൂർ: ചെയർപേഴ്‌സൺ മുരളി ചീരോത്തിനെതിരെ ആരോപണവുമായി വൈസ് ചെയർപേഴ്‌സൻ രംഗത്തെത്തിയതോടെ കേരള ലളിതകലാ അക്കാഡമിയിലെ ആഭ്യന്തരയുദ്ധം പരസ്യപ്പോരിലേക്ക്. വെെസ് ചെയർപേഴ്സനും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാളുമായ എബി എൻ.ജോസഫാണ് ചെയർപേഴ്സണെതിരെ രംഗത്തെത്തിയത്. തനിക്കെതിരായ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ചെയർപേഴ്‌സനാണ് ഇതിന് പിന്നിലെന്നും എബി എൻ.ജോസഫ് ആരോപിച്ചു. വിദേശ പ്രദർശനത്തിനായി സ്വന്തം ഇഷ്ടപ്രകാരം അവധിയെടുത്തതിനെ സർക്കാർ നിർബന്ധപൂർവം അവധിയിൽ വിട്ടെന്ന് വരുത്തിത്തീർക്കാൻ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചെന്ന് എബി ആരോപിച്ചു. സാമ്പത്തിക ധൂർത്തിനും നിയമവിരുദ്ധ കാര്യങ്ങൾക്കും കൂട്ടുനിൽക്കാത്തതാണ് നീക്കങ്ങൾക്ക് പിന്നിൽ. നിയമപരമായ തടസം നിലനിൽക്കെ ഒരു കലാകാരിയുടെ പ്രദർശനത്തിനായി വിദേശ ഫണ്ട് അക്കാഡമി അക്കൗണ്ടിലേക്ക് സ്വീകരിക്കാൻ ചെയർപേഴ്‌സൺ സമ്മർദ്ദം ചെലുത്തി. നിരസിച്ചപ്പോൾ സെക്രട്ടറിയെയും മാനേജരെയും ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. എറണാകുളത്ത് ചെയർപേഴ്‌സന്റെ സുഹൃത്തിന്റെ കെട്ടിടം ഉയർന്ന വാടകയ്ക്ക് എടുത്തതും ഇന്റീരിയർ ജോലികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചതും വഴിവിട്ട നീക്കമാണ്. തലശ്ശേരിയിലെ കേരള സ്‌കൂൾ ഒഫ് ആർട്‌സിലെ ഭരണപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് എബിയുടെ കുറ്റപ്പെടുത്തൽ.

മുൻ സെക്രട്ടറി ബാലമുരളികൃഷ്ണനും വേട്ടയാടൽ നേരിട്ടയാളാണെന്നും അദ്ദേഹം പറഞ്ഞു. നികുതിപ്പണം ഉപയോഗിച്ച് അനാവശ്യ ആഡംബരങ്ങളും ചട്ടവിരുദ്ധ സാമ്പത്തിക ഇടപാടുകളും നടത്തുന്ന ചെയർമാൻ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്നും എബി എൻ.ജോസഫ് കൂട്ടിച്ചേർത്തു.

'എബിയുടെ ആരോപണം അടിസ്ഥാനരഹിതം'

അക്കാഡമിയെ തകർക്കുംവിധത്തിൽ ചെയർപേഴ്‌സൺ വാർത്ത സൃഷ്ടിച്ചെന്ന എബി എൻ.ജോസഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മുരളി ചീരോത്ത് പക്ഷം. ആരോപണം ഉന്നയിക്കുന്നവർ തെളിവ് നിരത്തണം. സർക്കാർ പറയുന്നത് അനുസരിക്കുകയാണ് അക്കാഡമി ഭരണനേതൃത്വം ചെയ്യുന്നത്. ആരോപണം ഉന്നയിച്ച ഇരുവരെയും അക്കാഡമിയിൽ നിന്നും പുറത്താക്കിയതാണ്. ചെയർപേഴ്‌സന് ഏകപക്ഷീയമായി പുറത്താക്കാൻ എങ്ങനെയാണ് കഴിയുക. പാർട്ടിക്കാർ എന്ന് അവകാശപ്പെടുന്ന എബിയും കൂട്ടരും അക്കാഡമിയുടെ അന്തസ് നശിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ പൊതുമദ്ധ്യേ എത്തിച്ചത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചീരോത്ത് പക്ഷം പറയുന്നു.