'കുട്ടനാടൻ സഫാരി' ടൂറിസം സർവീസ് ഇന്ന് മുതൽ

Friday 20 February 2026 12:19 AM IST

ആലപ്പുഴ: കുട്ടനാടിനെ കാണാനും അടുത്തറിയാനും കുട്ടനാടൻ സഫാരി പാക്കേജ് ടൂറിസം സർവീസുമായി ജലഗതാഗത വകുപ്പ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ഗണേശ് കുമാർ നിർവഹിക്കും.

അറബ് രാജ്യങ്ങളിലെ ഡസർട്ട് സഫാരി മാതൃകയിലാണ് പദ്ധതി. യാത്രയുടെ ഭാഗമായി പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും. ഇതിന്റെ ഭാഗമായി പുല്ലും മുളയും ഉപയോഗിച്ചുള്ള ആംഫി തിയേറ്റർ ദ്വീപിൽ തയ്യാറായി. ഇന്ന് രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നുതുടങ്ങുന്ന ബോട്ട് സഞ്ചാരം വൈകിട്ട് ആറോടെ അവസാനിക്കും. പാതിരാമണിലിലേക്കുള്ള പ്രവേശന ഫീസ്, മറ്റ് പരിപാടികൾ എന്നിവയെല്ലാം ഉൾപ്പടെ 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യദിവസങ്ങളിൽ ട്രയൽ റണ്ണാണ് നടത്തുക. രാവിലെ തനിനാടൻ ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കും. ഇതിനായി നാടൻ കടകളുണ്ടാകും. ബോട്ടുയാത്രയിൽ കുട്ടനാടിന്റെ പ്രത്യേകത ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശിപ്പിക്കും. ഓല മെടയുന്നതും കയർപിരിയും കാണാനും പരീക്ഷിക്കാനും സൗകര്യമുണ്ടാകും. സി ബ്ലോക്കിൽ ചുണ്ടൻവള്ളം കാണാനും ഉച്ചഭക്ഷണം ആർ ബ്ലോക്കിലെ കള്ളുഷാപ്പിൽനിന്ന് കഴിക്കാനും സൗകര്യമുണ്ടാകും. ഭക്ഷണച്ചെലവ് സ്വയം വഹിക്കണം.

തുടർന്ന് പാതിരാമണലിലേക്കുള്ള യാത്രയിൽ വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും ആലപ്പുഴ പാരമ്പര്യവുമെല്ലാം സഞ്ചാരികൾക്ക് പകർന്നുനൽകും. പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമുണ്ടാകും.

മടക്കയാത്രയിൽ കക്ക നീറ്റുന്നതുകാണാം. ഇതിനിടെ ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് ആവശ്യമായ നാടൻ വസ്തുക്കളും വാങ്ങാം.

യാത്ര ഇന്ദ്ര ബോട്ടിൽ

 കൊച്ചിയിലെ കായൽ ടൂറിസത്തിന് മിഴിവേകിയ രാജ്യത്തെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ടായ ഇന്ദ്രയാകും ഇവിടെ സർവീസ് നടത്തുക

 ഏറ്റവും നീളം കൂടിയ സോളാർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. രണ്ട് ഹള്ളുള്ള കറ്റാമറൈൻ സാങ്കേതികവിദ്യയിലാണ് നിർമ്മാണം

 100 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ കഴിയും. താഴത്തെ നില എ.സിയാണ്. മുകൾ നിലയിൽ ഭാഗികമായി ഓപ്പൺ സ്‌പേസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്

 25 കിലോവാട്ടിന്റെ സോളാർ പാനലാണ് ബോട്ടിലുള്ളത്. സൗരോർജമായതിനാൽ കാർബൺ മലിനീകരണവും ശബ്ദമലിനീകരണവുമുണ്ടാവില്ല

 മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാം. ഇതിനായി 40 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്

ഇന്ദ്ര ബോട്ടിന്റെ നീളം

24 മീറ്റർ

വീതി

7മീറ്റർ

വേഗത

7 നോട്ടിക്കൽ മൈൽ

നിർമ്മാണച്ചെലവ്

₹3.7കോടി