കോമളപുരം സ്പിന്നിംഗ് മില്ലിൽ പുതിയ ഔട്ട് ലെറ്റ് തുറക്കും

Friday 20 February 2026 12:20 AM IST

ആലപ്പുഴ : അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് തിരിച്ചുവന്ന് വിജയം നെയ്തെടുത്ത ജില്ലയിലെ പൊതുമേഖല സ്ഥാപനമായ കോമളപുരം സ്പിന്നിംഗ് മില്ലിൽ പുതിയ ഔട്ട് ലെറ്റ് തുറക്കും. മില്ലിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങൾ ഫാക്ടറിയിൽ നിന്ന് ജനങ്ങൾക്ക് നേരിട്ട് വാങ്ങാൻ സൗകര്യം ഒരുക്കുന്നതിനാണ് ഔട്ട് ലെറ്റ് തുറക്കുന്നത്. മില്ലിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഔട്ട് ലെറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. കുടുംബശ്രീ യൂണിറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർക്കുള്ള യൂണിഫോമുകൾ നിലവിൽ കോമളപുരം സ്പിന്നിംഗ് മില്ലിൽ നിർമ്മിച്ച് നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കാക്കി യൂണിഫോമിനുള്ള തുണി നെയ്യുന്നതും ഇവിടെ നിന്നാണ്. കൂടാതെ സംസ്ഥാനത്തെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂൽ കൈത്തറി സംഘങ്ങൾക്ക് നൽകുന്നുണ്ട്. . ‘ഗ്രീൻഫീൽഡ്’ എന്ന സ്വന്തം ബ്രാൻഡിൽ ഷർട്ടുകൾ, മുണ്ടുകൾ, ബെഡ് ഷീറ്റ്, ചുരിദാർ തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിച്ച് വസ്ത്ര വിപണന രംഗത്തും പുതിയ അദ്ധ്യായം തുറന്നു. പുതിയ ഔട്ട് ലെറ്റ് ആരംഭിക്കുന്നതോടെ നാട്ടുകാർക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ നേരിട്ട് ലഭിക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ചെലവ് 20 ലക്ഷം രൂപ

 550 ചതുരശ്ര അടിയിൽ മനോഹരമായി സജ്ജീകരിച്ച കെട്ടിടത്തിലാകും പുതിയ വിപണന കേന്ദ്രം  ഷർട്ട് പീസുകൾ, ദോത്തി, പുതപ്പ്, സഞ്ചി, മാസ്ക് തുടങ്ങി നിത്യവും ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകും

ഗുണമേന്മ ഉറപ്പുവരുത്തിയ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഔട്ട് ലെറ്റ് ആരംഭിക്കുന്നത്

 20 ലക്ഷം രൂപ ചെലവിലാണ് പുതിയ ഔട്ട് ലെറ്റ് യാഥാർത്ഥ്യമാകുന്നത്