80 ലക്ഷത്തിന്റെ ഭാഗ്യവാൻ പുത്തൻ ഭാഗ്യവാന്മാരെ തേടുന്നു

Friday 20 February 2026 12:22 AM IST

അരൂർ: രണ്ട് വർഷം മുമ്പ് കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ അരൂർ പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻ വീട്ടിൽ ഷണ്മുഖന് (55) ഇന്നും ജീവിതം ലളിതം തന്നെ. വട്ടക്കേരി റോഡരികിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഉപജീവനം. 2022ലാണ് ഷണ്മുഖനെത്തേടി ലോട്ടറിഭാഗ്യം എത്തിയത്. എല്ലാ നികുതികളും കിഴിവുകളും കഴിഞ്ഞ് ഏകദേശം 42 ലക്ഷം രൂപയാണ് കൈയിൽ കിട്ടിയത്.

കൂലിപ്പണിക്കാരനായിരുന്ന ഷണ്മുഖൻ,​ ചെറിയൊരു ഷെഡിൽ ഭാര്യയും രണ്ട് മക്കളുമായി കഴിഞ്ഞുവരികയായിരുന്നു. ഇതേസ്ഥലത്ത് ചെറിയൊരു ചായക്കട നടത്തിയിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ഷെഡിരുന്ന സ്ഥലം ബാങ്കിൽ പണയത്തിലായിരുന്നു. മറ്റു കടബാദ്ധ്യതകളും അലട്ടിക്കൊണ്ടിരുന്ന സമയത്താണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തിയത്.

കിട്ടിയ തുക കാെണ്ട് ആദ്യം കടങ്ങൾ തീർത്തു. ഷെഡിന്റെ സ്ഥലത്ത് ചെറിയൊരു വാർക്കവീട് നിർമ്മിച്ചു. അങ്ങനെ സ്വന്തം വീട് എന്ന വലിയ സ്വപ്നം സഫലമായി. അതിനപ്പുറം ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്ന് ഷണ്മുഖൻ പറയുന്നു.

ജീവിതം ലളിതം,​ സുന്ദരം

ഷണ്മുഖനും രണ്ട് ആൺമക്കളും കൂലിപ്പണിക്ക് പോകുന്നുണ്ട്. ഭാര്യ ചെമ്മീൻ പീലിംഗ് ഷെഡിൽ ജോലി ചെയ്യുന്നു. ജോലി കുറഞ്ഞതൊടെ കഴിഞ്ഞ ഒരു വർഷമായി വട്ടക്കേരി റോഡരികിൽ തട്ടിട്ട് ലോട്ടറി കച്ചവടം തുടങ്ങി. തന്റെ കടയിൽ നിന്ന് ലോട്ടറി വാങ്ങിയവർക്ക് 100 രൂപ മുതൽ 5,000 രൂപ വരെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരിക്കൽ ലക്ഷാധിപതിയായിട്ടും ആഡംബര ജീവിതത്തിലേക്ക് പോകാതെ,​ ബാധ്യതകളില്ലാത്ത,​ ഒരു സുരക്ഷിത ഭവനം സ്വന്തമാക്കിയതിന്റെ സന്തോഷം ഷണ്മുഖന് ഇപ്പോഴുമുണ്ട്. വഴിയോരത്ത് അടുത്ത ഭാഗ്യവാനെയും ഭാഗ്യവതിയെയും കാത്തിരിക്കുമ്പോഴും ലളിതജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് ഈ ഭാഗ്യവാൻ.