ഇന്ത്യയുടെ പിനാകാ റോക്കറ്റിൽ കണ്ണുംനട്ട് ഫ്രാൻസ്

Friday 20 February 2026 12:42 AM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ പിനാകയിൽ താത്പര്യം പ്രകടിപ്പിച്ച് ഫ്രാൻസ്. ഫ്രഞ്ച് സേനയിൽ നിന്നുള്ള വിദഗ്‌ദ്ധർ ഇന്ത്യയിലെത്തി പിനാക്ക സംവിധാനത്തിന്റെ പ്രകടനം, ലോഞ്ചർ, വെടിക്കോപ്പുകൾ എന്നിവ വിലയിരുത്തിയിരുന്നു. ഇടപാട് വൈകാതെ അന്തിമമായേക്കും. കരാർ ഇന്ത്യയുടെ ആയുധ കയറ്റുമതിയിൽ പ്രധാന നാഴികക്കല്ലാകും.

വർഷങ്ങളായി ഉപയോഗിക്കുന്ന എം 270 റോക്കറ്റ് സംവിധാനം നവീകരിക്കാനും പുതിയ റോക്കറ് വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഫ്രാൻസ്. രണ്ടിനും സമയമെടുക്കുമെന്നതിനാൽ അടിയന്തര ആവശ്യം നിറവേറ്റുന്നതിനുള്ള ബദലായി പിനാക്കയെ പരിഗണിക്കുന്നു.

2025 ഫെബ്രുവരിയിൽ പാരീസിലെ മാർസെയിലിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം പിനാക്കയെ സൂക്ഷ്മമായി പരിശോധിക്കാൻ ഫ്രഞ്ച് സൈന്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ഫ്രാൻസ് ഈ സംവിധാനം ഏറ്റെടുക്കുന്നത് ഇന്ത്യ-ഫ്രഞ്ച് പ്രതിരോധ ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കുറവ്, പ്രഹരശേഷി

 അമേരിക്കയുടെ ഹിമാർസ്, റഷ്യൻ ടൊർണാഡോ തുടങ്ങിയ മൾട്ടി ബാരൽ റോക്കറ്റ് സംവിധാനവുമായി കിടപിടിക്കുന്നു

മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ സേനയുടെ ഭാഗം. അർമേനിയൻ സൈന്യംവും ഉപയോഗിക്കുന്നുണ്ട്

 പുതിയ പിനാക എംകെ 3 ന്റെ ദൂരപരിധി 120-130 കി.മീറ്റർ

300 കി.മീ വരെ ദൂരപരിധിയുള്ള പിനാക എം.കെ 4 ട്രയൽ നടക്കുന്നു.

 വിലക്കുറവാണ് പ്രധാന ആകർഷണം. ലോഞ്ചർ അടക്കം ഒരു പിനാക സംവിധാനത്തിന് ഏകദേശം 2.3 കോടി രൂപയേ വരൂ.

 യു.എസിന്റെ റോക്കറ്റ് സംവിധാനത്തിന് ഏകദേശം 19.5 കോടിയാകും (പ്രഹര ശേഷി 300-499കി.മീ.)

 ആറ് ലോഞ്ചറുകൾ അടങ്ങിയതാണ് ഒരു യൂണിറ്റ്

 12 റോക്കറ്റുകൾ വ്യത്യസ്ത ദിശകളിലേക്ക് ഒരേസമയം വിക്ഷേപിക്കാം.

 എല്ലാ ഭൂപ്രദേശങ്ങളിലും ഫലപ്രദമാണ്. കാർഗിൽ യുദ്ധത്തിൽ കഴിവു തെളിയിച്ചു