ഉച്ചകോടി 'ചൈനീസ് ചന്തയാക്കി': കോൺ.

Friday 20 February 2026 12:44 AM IST

ന്യൂഡൽഹി: നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദിയാകേണ്ട എ.ഐ ഉച്ചകോടിയെ ബി.ജെ.പി 'ചൈനീസ് ചന്തയാക്കി'യെന്ന് കോൺഗ്രസ്. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു. ഉച്ചകോടിയോടനുബന്ധിച്ചുള്ള എക്‌സ്‌പോയിൽ ചൈനീസ് നിർമ്മിത റോബോ ഡോഗിനെ ഇന്ത്യയിൽ വികസിപ്പിച്ചതാണെന്ന മട്ടിൽ പ്രദർശിപ്പിച്ചതിനാണ് വിമർശനം. വൻവിവാദമായതോടെ റോബോ ഡോഗുമായെത്തിയ ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിലെ ഗാൽഗോത്തിയാസ് ‌സർവകലാശാലയെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തെറ്റു പറ്റിയതാണെന്ന് വിശദീകരിച്ച സർവകലാശാല ക്ഷമാപണവും നടത്തി. അന്വേഷണം നടത്തുമെന്ന് ഗാൽഗോത്തിയാസ് ‌സർവകലാശാല രജിസ്ട്രാർ നിതിൻ കുമാർ ഗൗർ ഇന്നലെ വ്യക്തമാക്കി.