തിര. വാഗ്ദാനങ്ങൾക്കെതിരെ സുപ്രീംകോടതി

Friday 20 February 2026 1:43 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സുപ്രീംകോടതി. രാവിലെ മുതൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ്. സൗജന്യ സൈക്കിൾ,വൈദ്യുതി. ഇപ്പോൾ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കാശ് അയക്കുന്ന ഘട്ടം വരെയായി. ഇങ്ങനെ കാശ് കൊടുത്താൽ ജനങ്ങൾ ജോലിക്ക് പോകുമോ? രാജ്യവ്യാപകമായി എന്തു സംസ്‌കാരമാണ് വളർത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

സൗജന്യങ്ങൾ കൊടുത്തു കൊണ്ടിരുന്നാൽ വികസനപദ്ധതികൾക്ക് എങ്ങനെ ഫണ്ട് ഉറപ്പാക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടിൽ,പാവപ്പെട്ടവനെന്നും പണക്കാരനെന്നും വ്യത്യാസമില്ലാതെ സൗജന്യ വൈദ്യുതി സംസ്ഥാന സർക്കാ‌ർ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് രൂക്ഷവിമർശനം. ജനങ്ങളുടെ നികുതി പണമെടുത്താണ് കളിക്കുന്നത്. സംസ്ഥാനങ്ങൾ ഈ പ്രവണത പുനഃപരിശോധിക്കേണ്ട സമയമായില്ലേയെന്നും കോടതി ആരാഞ്ഞു.

തമിഴ്നാടിന്റെ പ്രശ്‌നമല്ല

എല്ലാ സംസ്ഥാനങ്ങളുടെയും പ്രശ്‌നമാണിതെന്ന് കോടതി പറഞ്ഞു. അടിസ്ഥാനസൗകര്യം,ആശുപത്രികൾ,സ്‌കൂളുകൾ,കോളേജുകൾ എന്നിവ വികസിപ്പിക്കേണ്ടതല്ലേ? അതിനു പകരം തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങളും സാധനങ്ങളും വിതരണം ചെയ്യുന്നു. സൗജന്യങ്ങൾക്ക് നീക്കിവയ്‌ക്കുന്ന തുക ബഡ്‌ജറ്റ് വിഹിതത്തിൽ കാണിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.