രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Friday 20 February 2026 2:52 AM IST

പൂച്ചാക്കൽ: എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്‌സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ 24 വയസുള്ള വിമൽരാജിനെ(24) അന്വേഷണ സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് അരൂക്കുറ്റി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൈവശം വച്ചിരുന്നതായി കണ്ടെത്തിയത്.

പ്രദേശത്ത് ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി എക്സൈസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് നടപടി. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.പി.സാബു, അനിലാൽ(ജി.ആർ), സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, എം.ആർ.റെനീഷ്, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, ഡ്രൈവർ ഭാഗ്യനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.