വൈക്കത്ത് മൂന്ന് സോളാർ ബോട്ടുകൾ കൂടി ഇനി കൂടുതൽ 'ഊർജ്ജമാകും'
വൈക്കം: വൈക്കം തവണക്കടവ് ഫെറിയിൽ ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും സൗരോർജവത്കരിച്ച വൈക്കം ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം നിർവഹിക്കും.പുതിയ മൂന്നു ബോട്ടുകൾ കൂടിയായതോടെ നാല് സോളർ ബോട്ടുകൾ വൈക്കത്ത് സർവീസ് നടത്തും. 2017ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകൾ അനുവദിച്ചത്.
സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, ദലീമ ജോജോ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, നഗരസഭാ അദ്ധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ തുടങ്ങിയവർ പങ്കെടുക്കും.
മലിനീകരണം ഒഴിവാകും
ഡീസൽ ബോട്ടുകൾക്ക് പകരമായി സോളാർ ബോട്ടുകളെത്തുമ്പോൾ വേമ്പനാട്ടുകായലിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകും. പ്രതിവർഷം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാം. കുറഞ്ഞ വർഷം കൊണ്ടു തന്നെ ബോട്ടുകളുടെ നിർമ്മാണ ചിലവ് തിരിച്ചുപിടിക്കാനാവും എന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു.