പതീക്കുന്നിലെയും കൈത്താളിക്കുന്നിലെയും പത്തോളം കുടുംബങ്ങളുടെ ദുരിതം കാണുന്നില്ലേ വഴിയും കുടിവെള്ളവുമില്ല ഞങ്ങളും മനുഷ്യരാ സാറെ!
പാലാ: വീട്ടിലേത്തെക്കാൻ വഴിയും ജീവൻ നിലനിറുത്താൻ കുടിവെള്ളവുമില്ലാതെ നട്ടം തിരിയുന്ന പതീക്കുന്നിലെയും കൈത്താളിക്കുന്നിലെയും പത്തോളം കുടുംബങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികാരികൾ. പാലാ നഗരസഭ 19-ാം വാർഡിലാണ് പതിക്കുന്ന്, കൈത്താളിക്കുന്ന് ഭാഗം. പാലാ നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ഈ ജനങ്ങളുടെ ജീവിതം കണ്ടാൽ പരിഷ്‌കൃത സമൂഹം നാണിച്ചു പോകും.
സഞ്ചാരയോഗ്യമായ വഴിയില്ല, കുടിവെള്ളത്തിന് ആഴ്ചകൾ കാത്തിരിക്കണം, വൃദ്ധരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാൻ കസേരയിലോ തുണി മഞ്ചലിലോ സ്‌ട്രെച്ചറിലോ ചുമന്നിറക്കണം. മരണമുണ്ടായാൽ മൃതദേഹം വീട്ടിലെത്തിക്കണമെങ്കിലും ഇതൊക്കെത്തന്നെ മാർഗം.
150 അടിയോളം ഉയരമുള്ള കുന്നിൻ മുകളിലാണ് ഇവരുടെ താമസം. 70 വയസിന് മുകളിൽ പ്രായുള്ളവരാണ് പല കുടുംബത്തിലെയും അംഗങ്ങൾ. നിത്യരോഗികളും ഇതിലുണ്ട്.
നഗരസഭ കെട്ടി നൽകിയ നൂറോളം പടി വരുന്ന കോൺക്രീറ്റ് പടവുകളാണ് താഴ് വാരത്തുനിന്ന് മുകളിലെത്താനും താഴെ വരാനും ഇവരുടെ ഏക ആശ്രയം. സ്വന്തമായി കിണർ ഇല്ല. നഗരസഭ നൽകുന്ന കുടിവെള്ളമാണ് ഈ കുടുംബങ്ങളുടെ ഏക ആശ്രയം. അത് മുടങ്ങിയാൽ അടുപ്പ് പുകയില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടും. വാട്ടർ അതോറിറ്റിയുടെ കുടുവെള്ളമാകട്ടെ ഇവിടെ താഴെഭാഗത്ത് മാത്രമേ എത്തുന്നുള്ളുതാനും.
വഴിയില്ലാത്തതിനാൽ സ്ഥലം വാങ്ങാൻപോലും ആളില്ല
ഈ സ്ഥലം വിറ്റിട്ട് മറ്റെവിടെയെങ്കിലും പോകാമെന്ന് കരുതിയാൽ വാഹനം കയറി വരുന്ന ഒരു വഴിയില്ലാത്തതിനാൽ വാങ്ങാൻ ആരും വരില്ല. ഒരു റോഡിനായി മാറി മാറി വന്ന ജനപ്രതിനിധികളോട് ഇവർ പറഞ്ഞിട്ടും നടപടിയില്ല. ഒരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞങ്ങൾക്ക് ആവശ്യപ്പെടുവാനുള്ളത് റോഡും കുടിവെള്ളവുമാണ്. 'ഇപ്പ ശെരിക്കാം' എന്ന് പറയുന്നവർ പിന്നെ തിരിഞ്ഞ് നോക്കില്ല. 'എന്തൊരു നരക ജീവിതമാണിത്.-' വീട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു.
നഗരസഭയ്ക്ക് മാത്രമായി പതിക്കുന്ന്, കൈതാളിക്കുന്ന് ഭാഗത്തെ കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇവിടെ കുടിവെള്ളമെത്തിക്കാനും റോഡുണ്ടാക്കാനും പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് തീർച്ചയായും മനസിലാക്കുന്നു. എം.പി., എം.എൽ.എ., സർക്കാർ തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിലൂടെ മാത്രമേ ഈ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ കഴിയൂ.
മായാ രാഹുൽ
പാലാ നഗരസഭാ വൈസ് ചെയർപേഴ്‌സൺ, വാർഡ് കൗൺസിലർ
ഫേട്ടോ അടിക്കുറിപ്പ് പതീക്കുന്ന്, കൈത്താളിക്കുന്ന് ഭാഗത്തെ ജനങ്ങൾക്ക് കുന്നിൻ മുകളിലെത്താൻ പാലാ നഗരസഭ നിർമ്മിച്ചു നൽകിയ കോൺക്രീറ്റ് പടവുകൾ.
മായാ രാഹുൽ (കമന്റിൽ ചേർക്കാൻ)