മദ്യശാലയ്ക്ക് സമീപത്തെ തർക്കം: തലയ്ക്ക് പരിക്കേറ്റയാൾ മരിച്ച കേസിൽ പ്രതി അറസ്റ്റിൽ

Friday 20 February 2026 3:07 AM IST

കൊച്ചി: എറണാകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ തലയ്ക്ക് പരിക്കേറ്റ് മദ്ധ്യവയസ്കൻ മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കുണ്ടറ കുഴുമതിക്കാട് വിലയിലഴികത്ത് പുത്തൻവീട്ടിൽ റെജിമാത്യുവിനെയാണ് (54) സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. ഓൺലൈൻ പഴം, പച്ചക്കറി വിതരണ കമ്പനിയുടെ കൊച്ചിയിലെ ജീവനക്കാരനാണ്.

വരാപ്പുഴ പൊലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി ജോക്കിയാണ് (54) തലയ്ക്ക് പരിക്കേറ്റ് പച്ചാളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചത്.

ബാനർജി റോഡിലെ കട്ടപ്പായി ഇടറോഡിനോട് ചേർന്നുള്ള ഔട്ട്ലെറ്റിന് സമീപം 17ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഇവിടെനിന്ന് വിദേശമദ്യവുമായി പുറത്തിറങ്ങിയ റെജിമാത്യുവിനെ സമീപിച്ച് ജോക്കി മദ്യം ആവശ്യപ്പെട്ടെങ്കിലും റെജി വിസമ്മതിച്ചു. തുട‌‌ർന്നുണ്ടായ വാക്കേറ്റത്തിലും പിടിവലിയിലുമാണ് ജോക്കിക്ക് തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിനുശേഷം വരാപ്പുഴയിലെ വീട്ടിലെത്തിയ ജോക്കിയെ ബന്ധുക്കൾ പിന്നീട് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കടിയേറ്റാണോ പിടിവലിക്കിടെ നിലത്ത് വീണ് പരിക്കേറ്റാണോ മരണമെന്നത് പൊലീസ് പരിശോധിക്കുന്നു. എറണാകുളം നോർത്തിൽ ലോഡ‌്ജിൽ തങ്ങുന്ന റെജിമാത്യുവിനെ ബുധനാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.