'ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

Friday 20 February 2026 10:29 AM IST

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം ഉണ്ടായേക്കാവുന്ന വലിയൊരു സൈനിക നീക്കത്തെ താൻ ഇടപെട്ട് അവസാനിപ്പിച്ചതാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസ ബോർഡ് ഓഫ് പീസ് യോഗത്തിൽ സംസാരിക്കവേയാണ്, ഇരുരാജ്യങ്ങൾക്കുമേൽ കടുത്ത വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ സമാധാനം പുനഃസ്ഥാപിച്ചതെന്ന് ട്രംപ് പറഞ്ഞു.

'നിങ്ങൾ യുദ്ധം ചെയ്യുകയാണെങ്കിൽ രണ്ട് രാജ്യങ്ങൾക്കും മേൽ 200 ശതമാനം നികുതി ചുമത്തുമെന്ന് ഞാൻ പറഞ്ഞു. പണത്തിന്റെ കാര്യം വന്നപ്പോൾ അവർക്ക് യുദ്ധം വേണ്ടെന്നായി. വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കണ്ടപ്പോൾ സമാധാനത്തിന് അവർ തയ്യാറായി.' ട്രംപ് വിവരിച്ചു. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന സംഭവവികാസങ്ങളെയാണ് ട്രംപ് പരാമർശിച്ചത്.

സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് അവകാശപ്പെട്ടു. 'വളരെ വിലപിടിപ്പുള്ള 11 ജെറ്റുകളാണ് ആകാശപ്പോരിൽ തകർക്കപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായ ഘട്ടത്തിലാണ് ഞാൻ ഇടപെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എനിക്ക് വ്യക്തിപരമായി നന്നായി അറിയാം. അദ്ദേഹത്തെയും പാക് ഭരണാധികാരിയെയും വിളിച്ച് വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെ അവർ പിൻവാങ്ങി,' ട്രംപ് കൂട്ടിച്ചേർത്തു.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ പരസ്യമായി പ്രശംസിച്ചതായും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഇടപെടൽ വഴി 2.5 കോടി (25മില്യൺ ) ജനങ്ങളുടെ ജീവനാണ് രക്ഷിക്കപ്പെട്ടതെന്ന് ഷെഹ്ബാസ് ഷെരീഫ് തന്റെ ചീഫ് ഓഫ് സ്റ്റാഫിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപിന്റെ വാദങ്ങളെ ഇന്ത്യ പൂർണമായും തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിൽ നടത്തിയ ചർച്ചകളിലൂടെയാണ് സംഘർഷം ലഘൂകരിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. മുമ്പും പലതവണ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിന് മദ്ധ്യസ്ഥ വഹിച്ചത് താനാണെന്ന് ട്രപംപ് അവകാശപ്പെട്ടിട്ടുണ്ട്.