6 നദീമുഖങ്ങളിൽ ആഴം കൂട്ടും.... പ്രളയരഹിത കോട്ടയം : ആദ്യ ചുവടുവയ്പ്പ്
കോട്ടയം : പഴുക്കാനിലം കായൽ ഡ്രഡ്ജിംഗ് നടത്തി ആഴംകൂട്ടി ഒഴുക്ക് വർദ്ധിപ്പിച്ച് കോട്ടയത്തെ സ്ഥിരം വെള്ളപ്പൊക്കത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പ്രോജക്ടായി വെട്ടിക്കാട്ട് നദീമുഖത്തെ ആഴം കൂട്ടി. ഇതിനായി വിഗാർഡ് 7 ലക്ഷം നൽകി. ചെളി വാരി ജങ്കാറിൽ നിറയ്ക്കുന്നതിന് കോട്ടയം സതേൺ ബോട്ട്സ് സഹകരിച്ചതോടെയാണ് നദീമുഖം ആഴം കൂട്ടിയത്. ഇനി മീനച്ചിലാർ വേമ്പനാട്ടുകായലിൽ പതിക്കുന്ന ആറ് ഇടങ്ങളിൽ ചെളി വാരി മാറ്റി ഒഴുക്ക് സുഗമമാക്കും. വെള്ളപ്പൊക്ക സമയത്ത് ആറുകളിലും, തോടുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും അടിഞ്ഞ് വേമ്പനാട്ടുകായൽ മുഖമായ പഴുക്കാനിലത്ത് തുരുത്ത് രൂപപ്പെട്ടിരുന്നു. കായലിന്റെ അടിത്തട്ട് നദിയുടെ അടിത്തട്ടിനേക്കാൾ ഉയർന്നതായതിനാൽ നദീമുഖത്ത് ചെളിയടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതോടെ ആഴവും കുറഞ്ഞു. മീനച്ചിലാർ, കൊടൂരാർ, മറ്റു തോടുകൾ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന വെള്ളം കായലിലേക്ക് ഒഴുകാൻ കഴിയാതെ വന്നതായിരുന്നു കോട്ടയത്തെ തുടർവെള്ളപ്പൊക്കത്തിന് കാരണം.
നീരൊഴുക്ക് തടസം മാറ്റും
പഴുക്കാനില കായൽ ശുചീകരണത്തിന് സർക്കാർ കിഫ്ബിയിൽ നിന്ന് 103.72 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.
ഈ മാസം 28 ന് ടെൻഡർ നടപടികളാകും. മീനച്ചിലാറും, കൊടൂരാറും പതിക്കുന്നത് കോട്ടയം നഗരത്തോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നുള്ള പഴുക്കാനില കായലിലാണ്. വാഗമൺ മലനിരകൾ മുതൽ ആരംഭിച്ച് 34 പഞ്ചായത്തുകളിലും നാലു നഗരസഭാതിർത്തികളിലും പെയ്യുന്ന മഴവെള്ളം വേമ്പനാട്ട് കായലിലേക്ക് എത്തുന്നത് ആറ് മുഖാരങ്ങൾ വഴിയാണ്. കവണാർ, പെണ്ണാർ, കൈപ്പുഴ മുട്ട്, കോട്ടത്തോട്, വെട്ടിക്കാട്, മലരിക്കൽ,പള്ളം ഭാഗങ്ങളിൽ ഉണ്ടായ നീരൊഴുക്ക് തടസം മാറ്റാനാണ് ശ്രമിക്കുന്നത്.
''കോട്ടയത്തെ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മാതൃകാ പദ്ധതിയാണ് നടക്കുന്നത്. ഇനി പഴുക്കാനിലക്കായൽ തെളിക്കണം. ഇതിന് കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ പ്രളയരഹിത കോട്ടയം യാഥാർത്യമാകും.
അഡ്വ.കെ.അനിൽകുമാർ, കോ-ഓർഡിനേറ്റർ
മീനച്ചിൽ - മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതി