ഐ.എസ്.ആർ.ഒയിലെ അന്വേഷണം

Saturday 21 February 2026 12:20 AM IST

ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ് ഐ.എസ്.ആർ.ഒ. സ്വന്തം നിലയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നേടിയിട്ടുള്ള കീർത്തിമുദ്ര‌കൾ വിലമതിക്കാനാവാത്തതുമാണ്. പരിമിതമായ സൗകര്യങ്ങളും പണവും ഉപയോഗിച്ച് ഈ സ്ഥാപനം മറ്റ് വികസിത രാജ്യങ്ങൾ നേടിയിട്ടുള്ളതിന് ഏതാണ്ട് സമാനമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ മംഗൾയാൻ വിക്ഷേപണം വിജയകരമായതിനു പിന്നാലെ,​ 'ന്യൂയോർക്ക് ടൈംസി"ൽ വന്ന കാർട്ടൂൺ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കന്നുകാലി ക്ളാസുകാരും സ്‌പെയിസ് ക്ളബിൽ അംഗങ്ങളാകുന്നു എന്ന മട്ടിൽ ഇന്ത്യയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നീട് ആ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. ചൊവ്വയിലേക്കുള്ള ഉപഗ്രഹ വിക്ഷേപണം ആദ്യശ്രമത്തിൽത്തന്നെ വിജയകരമാക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയത് വികസിത രാജ്യങ്ങൾക്കു പോലും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതിന്റെ ബഹിർസ്‌ഫുരണമായിക്കൂടി വേണം ഈ കാർട്ടൂണിനെ വിലയിരുത്തേണ്ടത്.

ഇന്ത്യക്കാരൻ എന്നും കാലികളെയും പരിപാലിച്ച് ദരിദ്ര‌നായി കഴിയണം എന്ന മുൻവിധിയാണ് ഇത്തരമൊരു കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ ആ പത്രത്തെയും പ്രേരിപ്പിച്ചത്. പക്ഷേ,​ ഇത്തരം പരിഹാസങ്ങളൊന്നും ഐ.എസ്.ആർ.ഒയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമായില്ലെന്നു മാത്രമല്ല പുതിയ ദൗത്യങ്ങളുമായി മുന്നോട്ട് ഗമിക്കുകയുമാണ്. ബഹിരാകാശ ദൗത്യങ്ങളിൽ ഒരിക്കൽപ്പോലും പരാജയം നേരിടാത്ത ഒരു രാജ്യവുമില്ല. ഇന്ത്യയ്ക്കും പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഒരിക്കലും ഒരു അട്ടിമറിയുടെ സംശയം ആരും ഉയർത്തിയിട്ടില്ല. എന്നാൽ അടുത്തിടെ പി.എസ്.എൽ.വിയുടെ വിക്ഷേപണം തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടതോടെയാണ് ഇതിനു പിന്നിൽ അട്ടിമറിയുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായത്.

ഐ.എസ്.ആർ.ഒയും ബഹിരാകാശ രംഗത്തിന് നേതൃത്വം നൽകുന്ന ഉന്നതരും കേന്ദ്രമന്ത്രിയും മറ്റും അതെല്ലാം നിഷേധിച്ചെങ്കിലും പിന്നീട് നടന്ന ചില നടപടികളും സംഭവങ്ങളും സംശയം ബലപ്പെടുത്തുവാനാണ് ഇടയാക്കിയത്. അതിൽ ഏറ്റവും പ്രധാനം,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കേരള സന്ദർശനമായിരുന്നു. ഐ.എസ്.ആർ.ഒ ഗസ്റ്റ് ഹൗസിൽ താമസിച്ച അദ്ദേഹം ബഹിരാകാശ ശാസ്ത്രജ്ഞരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയാണ് മടങ്ങിയത്. ഡോവൽ പ്രധാനമന്ത്രി മോദിക്ക് അന്വേഷണ റിപ്പോർട്ട് നൽകിയെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകൾ വന്നിരുന്നു. ഇതെല്ലാം ശരിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന നടപടിയാണ് പിന്നാലെ വന്നിരിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി- 62 പരാജയം അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം സമിതി രൂപീകരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുൻ കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് ഉപാദ്ധ്യക്ഷനുമായ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

നേരത്തേ മുൻ ചെയർമാൻ കെ. ശിവന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിച്ചിരുന്നു. ഐ.എസ്.ആർ.ഒയിൽ ദൗത്യം പരാജയപ്പെട്ടാൽ ആഭ്യന്തര അന്വേഷണമാണ് ഇതുവരെ നടന്നിട്ടുള്ളത്. അന്വേഷണത്തിന് പുറത്തുനിന്നൊരാളുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിരിക്കുന്നത് ഇതാദ്യമാണ്. സമിതിയുടെ ആദ്യ യോഗം നടന്നുകഴിഞ്ഞതായാണ് സൂചന. അട്ടിമറികൾ അകത്തുനിന്നും പുറത്തുനിന്നും ഉണ്ടാകാം. വിശദമായ അന്വേഷണം കൂടാതെ,​ ശത്രുരാജ്യങ്ങളുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലും ആർക്കും എത്താനാവില്ല. രാജ്യസുരക്ഷയുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളായതിനാൽ അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ വെളിപ്പെടുത്താനും സാദ്ധ്യതയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സന്ദർശനമാണ് അരുതാത്തതെന്തോ നടന്നിട്ടുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നത്. പുതിയ സമിതിയുടെ അന്വേഷണത്തിൽ ദൗത്യ പരാജയത്തിന്റെ എല്ലാ സൂക്ഷ്‌മ വശങ്ങളും വിലയിരുത്തപ്പെടുമെന്നും,​ അതനുസരിച്ചുള്ള തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.