അനോവയുടെ പുസ്തകത്തിൽ വിസ്‌മയമായി വിശുദ്ധർ
പാലാ : ലോകത്തിന് വെളിച്ചമേകിയ വിശുദ്ധരെ ചേർത്തുനിറുത്തി പത്തുവയസുകാരി അനോവ ടോംസ് വിശ്വാസ സമൂഹത്തിന് നൽകിയത് വേറിട്ടൊരു കൈയെഴുത്ത് പുസ്തകം. 520 ഓളം വിശുദ്ധരുടെ ജീവിതം ചരിത്രവും ചിത്രവും സഹിതം തയ്യാറാക്കി പാലാ രൂപതയിലെ തിരുബാലസംഖ്യം നടത്തിയ എന്റെ ഡയറി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അനോവ താരമായത്. ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലെ പുണ്യാളൻമാരുടെ ചരിത്രവും അവരുടെ സുവിശേഷ സന്ദേശങ്ങളും കൈയെഴുത്തായി എഴുതി അനോവ സ്വയം സാക്ഷ്യമാകുകയായിരുന്നു. ചേർപ്പുങ്കൽ പുളിക്കൽ ടോംസിന്റെയും ജോസ്‌നയുടെയും മൂത്തമകളാണ് അനോവ. അനോൺ ടോംസാണ് ഏക സഹോദരൻ.
ഒരുവർഷത്തെ സമർപ്പണം
ഒരു വർഷത്തെ നിരന്തരമായ പ്രാർത്ഥനയായിരുന്നു അനോവയ്‌ക്ക് ഈ പുസ്തകമെഴുത്ത്. ദിവസവും സ്‌കൂൾ വിട്ട് വന്നതിനുശേഷം ഒരു മണിക്കൂറും അവധി ദിനങ്ങളിൽ രണ്ടുമണിക്കൂറുമൊക്കെ എടുത്താണ് പുസ്തകം തയ്യാറാക്കിയത്. വിശുദ്ധൻമാരുടെ പുസ്തകങ്ങളിൽ നിന്നും ഗൂഗിളിൽ നിന്നും വിവരങ്ങൾ കണ്ടെത്തി ഓരോ വിശുദ്ധരുടെയും ചിത്രം സഹിതമായിരുന്നു കുറിപ്പ്. സഭ വിശുദ്ധർക്ക് നൽകിയിട്ടുള്ള അതേ ദിനങ്ങളെ സൂചിപ്പിച്ചായിരുന്നു എഴുത്ത്.
ജനുവരി 1ന് മേരി ലോറൻസ് ലോങ്കോയെന്ന വിശുദ്ധയിൽ തുടങ്ങി ഡിസംബർ 31ന് വിശുദ്ധ സിൽവസ്റ്റർ മാർപാപ്പായുടെ ചരിത്രത്തോടുകൂടിയാണ് കൈയെഴുത്ത് പുസ്തകം പൂർത്തിയാക്കിയത്.
മത്സരമെന്ന നിലയ്ക്കല്ല എഴുതി തുടങ്ങിയത്. വിശുദ്ധരുടെ ജീവിതങ്ങളിലൂടെ ഉണ്ണീശോ എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു. ഉണ്ണീശോയെ കൂടുതൽ അറിയാനും അനുഭവിക്കാനും എഴുത്തിലൂടെ കഴിഞ്ഞു.
അനോവ ടോംസ്
ഫോട്ടോ അടിക്കുറിപ്പ് അനോവ വിശുദ്ധരെക്കുറിച്ച് എഴുതിയ കൈയെഴുത്ത് പുസ്തകവുമായി.