കന്നിപ്പുറം പാലം പില്ലർ നിർമ്മാണത്തിന് തുടക്കം
നെയ്യാറ്റിൻകര: കന്നിപ്പുറം പാലത്തിന്റെ പില്ലർ നിർമ്മാണത്തിനായുള്ള പൈലിംഗ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഇരുമ്പിൽ പ്രദേശത്തു നിന്നും എട്ട് കിലോമീറ്റർ മഞ്ചവിളാകം വഴി ചുറ്റി സഞ്ചരിച്ചായിരുന്നു പ്രദേശവാസികൾ നെയ്യാറ്റിൻകര ടൗണിലെത്തിയിരുന്നത്. നെയ്യാറിലൂടെ ചെറുതോണികളിൽ കയറിയാണ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം ഇരുമ്പിൽ നിന്നും ഇക്കരെ എത്തിക്കൊണ്ടിരുന്നത്. തുടർന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് കിഫ്ബി സഹായത്തോടെ 15.17 കോടി രൂപ ചെലവിൽ ഇരുമ്പിൽ കന്നിപ്പുറം പാലം നിർമ്മിക്കുവാനുള്ള അനുമതി ആയത്.
പാലത്തിന്റെ പില്ലർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നെയ്യാർ നദിയുടെ ഒരുഭാഗം മണ്ണിട്ട് നികത്തി സൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. പില്ലർ സ്ഥാപിക്കുന്ന ചടങ്ങ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻകെ.കെ.ഷിബു, ആർ.വി.വിജയബോസ്, മഞ്ജുരാജേഷ്, വസുമതി, വാർഡ് കൗൺസിലർ ശാലിനി, വി.കേശവൻകുട്ടി, അഡ്വ.കെ.ആർ.പത്മകുമാർ, ഇരുമ്പിൽ ശ്രീകുമാർ, സാബു,കെ.മോഹനൻ, ഇരുമ്പിൽ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
ചെലവ്------15.17 കോടി രൂപ
അനുമതി നൽകി
കേരള ഹൈക്കോടതിയുടെ 2019മാർച്ച് 22ലെ ഔദ്യോഗിക ഉത്തരവുപ്രകാരം,
നെയ്യാറ്റിൻകര കോടതി കോമ്പൗണ്ടിന്റെ ഭാഗമായ ഭൂമി അപ്രോച്ച് റോഡിനായി പി.ഡബ്ല്യു.ഡിക്ക് കൈമാറുന്നതിനും പാലത്തിനോടൊപ്പം പുതിയ കോമ്പൗണ്ട് വാൾ നിർമ്മിക്കുന്നതിനുമുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ട് പോകുന്നത്.
പാലം പണിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025സെപ്തംബറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. നെയ്യാറ്റിൻകര കോടതിയുടെ സമീപത്ത് ആരംഭിക്കുന്ന കന്നിപ്പുറം-ഇരുമ്പിൽ പാലത്തിന്റെ നിർമാണ പ്രവർത്തികളാണ് അടുത്തഘട്ടത്തിലേക്ക് കടന്നത്. ഭൂമി ഏറ്റെടുക്കുന്നതിൽ ചില തടസങ്ങൾ ഉണ്ടായിരുന്നത് പരിഹരിച്ചു.