തേങ്ങയും കൊപ്രയും വേണ്ട; ചിരട്ടയ്ക്കാണ് ശുക്രൻ
ആലക്കോട്: തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എൺപത്തിരണ്ടിൽ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതൽ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.
കിലോയ്ക്ക് രണ്ടു രൂപയോളമായിരുന്നു നേരത്തെ ചിരട്ട വില. ഇതാണ് ഇപ്പോൾ ഇത്രയേറെ ഉയർന്നത്. ഒരു തേങ്ങയുടെ ചിരട്ടയ്ക്ക് മാത്രം 2 രൂപ ലഭിക്കും. മുൻകാലങ്ങളിൽ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ധനമെന്ന നിലയിൽ ഉപയോഗിച്ചിരുന്ന ചിരട്ടയുടെ വ്യാവസായിക ഉപയോഗമാണ് ഇത്രയ്ക്ക് ഡിമാൻഡ് വർദ്ധിപ്പിച്ചത്.
ഇതുവഴി കരിക്കുണ്ടായ ഡിമാന്റാണ് ചിരട്ടയുടെ ശുക്രദശ തെളിഞ്ഞത്. തേങ്ങ വിലയിൽ വർദ്ധനവുണ്ടായിരുന്ന സമയത്ത് കർഷകർ പച്ച തേങ്ങ വിൽക്കാൻ തുടങ്ങിയതോടെ ചിരട്ടയുടെ ലഭ്യത കുറഞ്ഞിരുന്നു.ഈ സമയത്താണ് വില കൂടിതുടങ്ങിയത്.
മലയോരത്ത് വീടുകളിൽ നിന്നു ചിരട്ട ശേഖരിക്കുന്നതിനായി ദിവസവും നിരവധി ഏജന്റുമാരാണ് വാഹനങ്ങളുമായി എത്തുന്നത്. കോഴിക്കോട് ഭാഗത്തു നിന്നുള്ളവരാണ് കണ്ണൂരിലെ മലയോരത്തെത്തി ചിരട്ട ശേഖരിക്കുന്നത്. ഇവ പിന്നീട് തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തവ്യാപാരികൾക്ക് കൈമാറിയ ശേഷം വലിയ ലോഡുകളായി തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുകയാണ്. തമിഴ്നാട്ടിലെ കാങ്കയം, ഉദുമൽപേട്ട., കോയമ്പത്തൂർ, തൂത്തുക്കുടി എന്നിവിടങ്ങളും കർണാടകത്തിലെ തുംകൂറിലുമാണ് കരിനിർമ്മാണ കമ്പനികൾ ഉള്ളത്. ഇറ്റലി, ചൈന, ജപ്പാൻ, ജർമ്മനി, ഗൾഫ് രാജ്യങൾ എന്നിവടങ്ങളിലേക്കും ചിരട്ടക്കരി കയറ്റുമതി ചെയ്യുന്നുണ്ട്.
ചില്ലറക്കാരനല്ല ചിരട്ടക്കരി:
ഹെയർ ഡൈ (Hair Dye): നരച്ച മുടി കറുപ്പിക്കാൻ ചിരട്ടക്കരി, ആവണക്കെണ്ണ, നീലയമരി പൊടി എന്നിവ ചേർത്തുള്ള നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കാം.
പാത്രങ്ങൾ വൃത്തിയാക്കാൻ: ഓട്ടുപാത്രങ്ങളും പിച്ചളപ്പാത്രങ്ങളും തിളങ്ങുന്നതിനായി ചിരട്ടക്കരി തേച്ചുകഴുകാവുന്നതാണ്.
കരകൗശല വസ്തുക്കൾ: ചിരട്ട ഉപയോഗിച്ച് സ്പൂണുകൾ, ബൗളുകൾ, അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു.
ആരോഗ്യ സംരക്ഷണം: ഉദരസംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്, അമിത എണ്ണമയം എന്നിവ കുറയ്ക്കാൻ ആക്റ്റിവേറ്റഡ് ചാർക്കോൾ ഉപയോഗിക്കുന്നു.
- വായു-ജല ശുദ്ധീകരണം: ചിരട്ടക്കരി (activated charcoal) ജലത്തിലെയും വായുവിലെയും അശുദ്ധികളും ദുർഗന്ധവും നീക്കം ചെയ്യാൻ വളരെ മികച്ചതാണ്.
- ഇന്ധനം: കൂടുതൽ സമയം കത്തുകയും, അമിതമായി പുക പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ, വീടുകളിലും വ്യവസായങ്ങളിലും നല്ലൊരു ഇന്ധനമായി ചിരട്ടക്കരി ഉപയോഗിക്കുന്നു.
- സൗന്ദര്യ സംരക്ഷണം (Cosmetics):
ചിരട്ടക്കരി പൊടിച്ച് ഉപയോഗിക്കുന്നത് മുഖക്കുരു മാറ്റാനും, ചർമ്മത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നു
.
വിലയിടിഞ്ഞ് തേങ്ങ
കിലോക്ക് 82 രൂപ വരെ കിട്ടിയിരുന്ന പച്ചത്തേങ്ങയ്ക്ക് 55 മുതൽ 60 രൂപ വരെയാണ് ഇപ്പോൾ വിപണി വില.കൊപ്ര വില കിലോയ്ക്ക് 240 രൂപയിൽ നിന്നും 185 രൂപയായും കുറഞ്ഞു. നാളികേര ഉൽപാദനത്തിൽ കുറവുണ്ടെങ്കിലും സീസൺ ആയതിനാലും വെളിച്ചെണ്ണ ഉപയോഗത്തിലെ കുറവുമാണ് വില കുറവിന് പ്രധാന കാരണമെന്ന് നടുവിലിലെ നാളികേര വ്യാപാരി കെ.എസ്. അജീഷ് പറഞ്ഞു.