പുതുക്കാട് ബാറിലെ സംഘർഷം: നാല് പ്രതികൾ റിമാൻഡിൽ

Saturday 21 February 2026 12:07 AM IST

പുതുക്കാട്: പുതുക്കാട് ഹോളിഡേ പാർക്ക് ബാർ കോമ്പൗണ്ടിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് പ്രതികളെ പുതുക്കാട് പൊലീസ് പിടികൂടി. കൊടകര ഉളുമ്പത്തുകുന്ന് സ്വദേശി നാറോലി വീട്ടിൽ വിഷ്ണു (22), മറ്റത്തൂർ വാസുപുരം സ്വദേശി ചാക്കയിൽ വീട്ടിൽ ആയുഷ് (19), കുറ്റിക്കാട് സ്വദേശി കോഴിപ്പാടൻ വീട്ടിൽ അജിത്ത് (18), ചാലക്കുടി സ്വദേശി കാട്ടുതുരുത്തിൽ വീട്ടിൽ ജോസഫ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബാർ കോമ്പൗണ്ടിൽ ഓട്ടം പോകാനായി നിറുത്തിയിട്ടിരുന്ന മോഹനൻ എന്നയാളുടെ ഒാട്ടോറിക്ഷയിൽ ഇരുന്നിരുന്ന പുതുക്കാട് പള്ളിപ്പുറത്ത് വീട്ടിൽ അയ്യപ്പന്റെ (55) അടുത്ത് പ്രതികൾ ഒട്ടോറിക്ഷ ഓട്ടം പോകാനായി വിളിച്ചപ്പോൾ പോകാത്തതിലുള്ള വൈരാഗ്യത്തിൽ മോഹനനെയും അയ്യപ്പനെയും ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ അയ്യപ്പന്റെ ഒരു പല്ല് കൊഴിഞ്ഞുപോവുകയും ചുണ്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അയ്യപ്പൻ ആശുപത്രിയിൽ പോകാനായി നിൽക്കുന്നതിനിടെ വീണ്ടും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പിടിച്ച് മാറ്റാനെത്തിയ അവിടെയുണ്ടായിരുന്ന തെക്കേ തൊറവ് സ്വദേശി തൃക്കൂകാരൻ വീട്ടിൽ ബിജോ(37)യെയും പൊട്ടിയ ബിയർ കുപ്പി കഷ്ണം ഉപയോഗിച്ച് വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ചു. അക്രമത്തിനുശേഷം ബാർ കോമ്പൗണ്ടിലും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വഴിയിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളുടെ ചില്ല് തകർക്കുകയും ഹോട്ടലിലെ ബൈക്കുകൾ മറിച്ചിടുകയും പാർക്കിംഗ് ഗ്രൗണ്ടിലെ ലൈറ്റുകൾ അടിച്ചുതകർക്കുകയും ചെയ്തു. പുതുക്കാട് പൊലീസ് സ്‌റ്റേഷൻ എസ്.ഐമാരായ പ്രദീപ്, പാട്രിക്, ജി.എസ്.ഐ സുധീഷ്, സി.പി.ഒ നവീൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.