പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

Friday 20 February 2026 10:12 PM IST

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിനായി സർവേകൾ നടത്തി സാദ്ധ്യതാ പട്ടിക തയ്യാറാക്കിയ യു.ഡി.എഫ് പയ്യന്നൂരിൽ തീരുമാനം വൈകിക്കുന്നു. കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന്റെ ശക്തമായ കോട്ടയിൽ ശക്തമായ പോരാട്ടം ഒരുക്കുന്നതിനുള്ള സാദ്ധ്യതകളാണ് കോൺഗ്രസിന്റെ തീരുമാനം വൈകുന്നതിന് പിന്നിൽ.

രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിവിട്ട പ്രതിസന്ധി മുതലെടുത്തുള്ള മുന്നേറ്റമാണ് യു.ഡി.എഫിന്റെ പദ്ധതിയിലുള്ളത്. വിവാദം തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും സി.പി.എമ്മിൽ ഗുരുതരമായ ആഭ്യന്തരഭിന്നത നിലനിൽക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സി.പി.എം പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്റെ അന്തിമനിലപാടാണ് യു.ഡി.എഫിന്റെ തീരുമാനം വൈകുന്നതിന് പ്രധാന കാരണം.മണ്ഡലത്തിൽ നടത്തിയ സർവ്വേ പ്രകാരം കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുന്നത് ഉചിതമാകുമെന്നാണ് വിലയിരുത്തൽ. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. ടി.ഐ മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ മത്സരത്തിനിറങ്ങുമെന്ന് കുഞ്ഞികൃഷ്ണൻ സൂചന നൽകിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്ന അദ്ദേഹം സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന നിലപാടിലേക്ക് മാറിയതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്.

കുഞ്ഞികൃഷ്ണന്റെ സ്വീകാര്യത കുഞ്ഞികൃഷ്ണൻ മത്സരരംഗത്ത് വന്നാൽ മണ്ഡലത്തിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നത് ഗുണകരമായ തന്ത്രമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾക്ക് വ്യാപകമായ സ്വീകാര്യതയുണ്ടെന്ന് സർവ്വേയിൽ കണ്ടെത്തിയതും യു.ഡി.എഫിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

അതൃപ്തി മുതലെടുക്കാൻ നീക്കം രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ട് എന്നിവയിൽ വൻ ക്രമക്കേട് ആരോപിച്ചാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ കുഞ്ഞികൃഷ്ണൻ സ്വകാര്യചാനലിലൂടെ രംഗത്തുവന്നത്. 'നേതാക്കളെ അണികൾ തിരുത്തണം' എന്ന പുസ്തകവുമായി ചില കണക്കുകൾ പുറത്തുവിടുകയും ചെയ്തു. പാർട്ടി അംഗങ്ങൾക്കിടയിൽ സി.പി.എം വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും പൊതുജനസമക്ഷത്തിൽ വ്യക്തതയോടെ കുഞ്ഞികൃഷ്ണൻ ഉയർത്തിയ കണക്കിന് മറുപടി നൽകിയിട്ടില്ല. ഇതിനകം വിഭാഗീയത തലപൊക്കിയിട്ടുള്ള കാര അടക്കമുള്ള പ്രദേശങ്ങളിൽ രക്തസാക്ഷി ഫണ്ട് വിവാദം കൂടി ആയതോടെ അതൃപ്തി പ്രകടമാകുന്നുണ്ട്. എന്നാൽ സിറ്റിംഗ് എം.എൽ.എയെ മത്സരത്തിൽ നിന്ന് മാറ്റി നിർത്താൻ സി.പി.എം തയ്യാറാകില്ലെന്ന് ഉറപ്പാണ്. അങ്ങനെ ഒഴിവാക്കിയാൽ കുഞ്ഞികൃഷ്ണന്റെ ആരോപണം ശരിവച്ചതിന് തുല്യമാകുമെന്നതാണ് ഇതിന് വസ്തുത.