16 -ാമതും മമ്മൂട്ടി നേടുമോ ? ഫിലിം ഫെയർ അവാർഡ് സൗത്ത് പ്രഖ്യാപനം ഇന്ന്

Saturday 21 February 2026 6:12 AM IST

മലയാളത്തിലെ മികച്ച നടനുള്ള ഫെയർ അവാർഡ് സൗത്ത് പുരസ്കാരം മമ്മൂട്ടിയോ പൃഥ്വിരാജോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും.

മികച്ച നടനുളള ഫിലിം ഫെയർ അവാർഡുകൾ ഏറ്റവും കൂടുതൽ തവണ (15) നേടിയ സ്വന്തം റെക്കോഡ് ഭ്രമയുഗത്തിലെ സമാനതകളില്ലാത്ത പ്രകടനത്തിലൂടെ മമ്മൂട്ടി തിരുത്തിയെഴുതുമോ അതോ ആടുജീവിതത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് നേടുമോ? എന്നാണ് ആരാധകർക്ക് അറിയേണ്ടത്. വൈകിട്ട് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ 70-ാമത് ഫിലിം ഫെയർ അവാർഡ് സൗത്ത് നിശ അരങ്ങേറും. ചാക്കോച്ചനും ആസിഫ് അലിയും ടൊവിനോ തോമസും ബേസിൽ ജോസഫുമൊക്കെ നോമിനേഷൻ പട്ടികയിലുണ്ടെങ്കിലും മമ്മൂട്ടിക്കും പൃഥ്വിരാജിനുമാണ് കൂടുതൽ സാധ്യത.മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ 2024ൽ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയും പുരസ്കാരത്തിലൂടെ ആദരിക്കും. മികച്ച നടി വിഭാഗത്തിൽ ഉർവശി, പാർവതി തിരുവോത്ത്, നസ്രിയ, ദിവ്യപ്രഭ, മമിത ബൈജു, കനി കുസൃതി, സെറിൻ ഷിഹാബ് എന്നിവരും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ആദ്യമായാണ് ഫിലിം ഫെയർ അവാർഡ് സൗത്ത് കേരളത്തിൽ പുരസ്കാര വേദിയാകുന്നത്.