പണം തട്ടിപ്പ്: സ്കൂൾ ഹെഡ്മാസ്റ്ററിനും ക്ലാർക്കിനും 27 വർഷം തടവ്
തിരുവനന്തപുരം: അദ്ധ്യാപകരുടെ പി.എഫ് വായ്പകളിലും പണമിടപാടുകളിലും ക്രമക്കേട് കാട്ടിയ സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലാർക്കിനും 27 വർഷം തടവും 4,54,045 രൂപ പിഴയും ശിക്ഷ.കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊല്ലം വാളകം സ്വദേശിയുമായ കെ.രാജൻ,സ്‌കൂളിലെ മുൻ ക്ലാർക്കും നിലവിൽ അട്ടക്കുളങ്ങര ഗവ.ഹൈസ്‌കൂളിലെ ക്ലാർക്കുമായ തിരുവനന്തപുരം തട്ടത്തുമല സ്വദേശി റിയാസ് കലാം എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2011-15 കാലയളവിൽ ഇരുവരും ഈ സ്കൂളിൽ ജോലി ചെയ്തിരുന്നപ്പോഴായിരുന്നു തട്ടിപ്പ്. ക്ലാർക്കായ റിയാസ് കലാം സ്‌കൂളിലെ ഓഫീസ് കാര്യങ്ങളും,ശമ്പള ബില്ലും സ്പാർക്ക് സംബന്ധമായ ചുമതലകൾ നിർവഹിച്ചിരുന്നു.ഹെഡ്മാസ്റ്ററായിരുന്ന കെ.രാജനുമായി ചേർന്ന് 2014 മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച 2 അദ്ധ്യാപകരുടെ പേരിൽ ശമ്പള ബില്ലുകൾ വ്യാജമായി ഉൾപ്പെടുത്തി പണം തട്ടിയെടുത്തു.ശമ്പളം,വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്,സ്റ്റൈപ്പന്റ്,ലപ്‌സം ഗ്രാന്റ് എന്നിവയും തട്ടിയെടുത്തു.ആകെ 7,88,089 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.തുടർന്ന് റിയാസ് കലാമിനെ ഒന്നാം പ്രതിയും കെ.രാജനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു.വിവിധ വകുപ്പുകളിലാണ് ആകെ 27വർഷം തടവ്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിജിലൻസ് കോടതി ജഡ്ജി എ.മനോജിന്റെ ഉത്തരവിലുണ്ട്.വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.