പറശ്ശിനീശ്വരൻമാരുടെ ബൃഹത് ശില്പം ഒരുങ്ങി 23ന് കൈതപ്രം അനാച്ഛാദനം ചെയ്യും

Friday 20 February 2026 10:26 PM IST

കണ്ണൂർ:മലബാറുകാരുടെ കൺകണ്ട ദൈവങ്ങളായ മുത്തപ്പന്റെയും തിരുവപ്പനയുടേയും വലിപ്പമേറിയ ശില്പം അനാഛാദനത്തിനൊരുങ്ങുന്നു. പറശ്ശിനി തീർത്ഥാടകർക്ക് സുപരിചിതമായ പറശ്ശിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ ഒരുക്കിയ ശില്പം ഈ മാസം 23ന് രാവിലെ 11ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛാദനം ചെയ്യും.പറശ്ശിനിക്കടവിലേക്ക് ദർശനത്തിനെത്തുന്നവരെ ഈ അനുഗ്രഹ ദൃശ്യം സ്വാഗതം ചെയ്യും. കാലങ്ങളായി മനസിൽ കൊണ്ടുനടന്ന സ്വപ്നമാണ് പറശ്ശിനീശ്വരൻമാരുടെ ശില്പമെന്ന് പറശ്ശിനി ടൂറിസ്റ്റ് ഹോമിന്റെ ഉടമകളായ രമേഷും ശശിയും പറഞ്ഞു.ശ്രീ മുത്തപ്പന്റെ കൈ പിടിച്ച് നിഷ്‌കളങ്കമായ കാൽവയ്പുകളോടെ മുന്നോട്ട് നടക്കുന്ന തിരുവപ്പനയുടെ രൂപത്തിന് ഉണ്ണി കാനായിയാണ് ശില്പഭാഷ ഒരുക്കിയത്.അവസാന മിനുക്ക് പണികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കേരളത്തിലെ ഏറ്റവും ഉയരമുള്ള ശ്രീമുത്തപ്പൻ ശില്പമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. കളിമണ്ണിൽ രൂപം മെനഞ്ഞ ശേഷം പ്ലാസ്റ്റർ ഓഫ് പാരിസിൽ അച്ചെടുത്ത് ഫൈബറിലേക്ക് കാസ്റ്റ് ചെയ്യുന്ന സങ്കീർണമായ പ്രക്രിയയിലൂടെയാണ് ശില്പം ഒരുക്കിയത്. മൂന്ന് മാസത്തെ അക്ഷീണ പ്രയത്നം ഇതിനായി വേണ്ടിവന്നെന്ന് ശില്പി ഉണ്ണി കാനായി പറഞ്ഞു. ഒറിജിനൽ നിറങ്ങൾ അതേ പടി നിലനിർത്തുന്ന അക്രിലിക് കളർ ഉപയോഗിച്ച് ചിത്രീകരിച്ചതിനാൽ ശില്പത്തിന് ജീവനുള്ള ഭാവം ലഭിച്ചിട്ടുണ്ട്.വിനേഷ്, സുരേഷ്, ഷൈജിത്ത്, ബാലൻ, അഭിജിത്ത്, അർജുൻ എന്നിവരും ഉണ്ണി കാനായിക്കൊപ്പം നിർമ്മാണത്തിൽ പങ്കാളികളായി.