വിമാനത്താവളത്തിൽ ഇനി 10 രൂപയ്ക്ക് ചായ കുടിക്കാം

Saturday 21 February 2026 1:35 AM IST

സ്‌നാക്‌സ് - 20,കോഫി - 20

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആശ്വാസ വിലയുമായി ഉഡാൻ യാത്രി കഫെ.രാജ്യാന്തര,ആഭ്യന്തര ടെർമിനലുകൾക്കുള്ളിലാണ് യാത്രക്കാർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫെ തുറന്നത്. കോഫിക്ക് 20 രൂപ നൽകിയാൽ മതി. കേന്ദ്രമന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ഇതോടെ ചായക്കും സ്‌നാക്‌സിനുമായി വലിയ വില ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘങ്ങൾക്ക് തിരിച്ചടിയാകും.

100 രൂപയിൽ കൂടുതൽ ചായക്ക് നൽകേണ്ട സ്ഥിതിക്ക് അറുതിയായത് യാത്രക്കാർ സ്വാഗതം ചെയ്തു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2025 മാർച്ചിൽ കേന്ദ്ര സർക്കാർ ആരംഭിച്ച കഫേകളുടെ ശൃംഖലാണ് ഉഡാൻ യാത്രി കഫെ.കേരളത്തിലെ എയർപോർട്ടുകളിലെ ആദ്യ ഉഡാൻ കഫെയാണ് തലസ്ഥാനത്ത് യാഥാർത്ഥ്യമായത്.