വില്ലന്മാരായി തെരുവുനായ്ക്കൾ പദ്ധതികൾ നടപ്പാക്കാതെ നഗരസഭ
ആറ്റിങ്ങൽ: ഷെൽട്ടർ സംവിധാനവും വന്ധ്യംകരണവും പ്രഖ്യാപനങ്ങളിൽ മാത്രമായ ആറ്റിങ്ങൽ കരിച്ചയിൽ തെരുവു നായകളുടെ കേന്ദ്രമായി മാറുന്നു. രണ്ടുദിവസത്തിനുള്ളിൽ ഏഴുപേർക്കാണ് ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് കരിച്ചിയിൽ മുടിപ്പുരക്ഷേത്രത്തിൽ നിന്നു അന്നദാനം കഴിഞ്ഞ് വീട്ടിലേക്കു പോകുംവഴി ഇന്ദിര(62)യുടെ കാലിൽ പിന്നാലെയെത്തിയ നായ കടിച്ചു. വ്യാഴാഴ്ച കരിച്ചയിൽ സ്വദേശികളായ വേണു(74),കൈലാസ്‌നാഥ്(12),തുമ്പിക്കോട്ടുകോണം സ്വദേശി രാജപ്പൻ ആശാരി എന്നിവർക്കുപുറമേ പ്രദേശവാസികളായ മറ്റു മൂന്നുപേർക്കും കടിയേറ്റു. കൈലാസ്‌നാഥ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായയുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവർ വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി. ഒരേ നായതന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന.
റോഡിൽ പൗൾട്രിഫാം മാലിന്യം
പൗൾട്രി ഫാം,ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് തള്ളുന്ന മാലിന്യമാണ് തെരുവുനായ്ക്കളുടെ ഭക്ഷണം.പൗൾട്രി ഫാമുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ചിലർ ഇവയ്ക്ക് നൽകാറുണ്ടെന്നും പരാതിയുണ്ട്.എന്നാൽ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്ന് തെരുവുനായ്ക്കളെ സംരക്ഷിക്കാനുള്ള പദ്ധതി ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഷെൽട്ടർ സംവിധാനമൊരുക്കി തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
പാതിവഴിയിലായി പദ്ധതികൾ
ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ ഇരുപതിലധികം പൗൾട്രി ഫാമുകളുണ്ടെങ്കിലും ഒന്നിനുപോലും പൊലൂഷൻ കൺട്രോളിന്റെ ലൈസൻസില്ല. കൂടാതെ മാലിന്യ സംസ്കരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടില്ലെന്നും മൃഗാശുപത്രി വഴി തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികൾ പാതിവഴിയിലാണെന്നും നാട്ടുകാർ പറയുന്നു.
പ്രതികരണം
തെരുവ് നായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണം. പി.വി.ജോയി, ഡി.സി.സി അംഗം