തിരിച്ചടിയായി വിലക്കയറ്റം പപ്പട നിർമ്മാണം ആശങ്കയിൽ

Saturday 21 February 2026 12:05 AM IST

കിളിമാനൂർ: അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതോടെ ആശങ്കയിൽ പപ്പട നിർമ്മാണ തൊഴിലാളികൾ. പ്രതിസന്ധിയെ മറികടക്കാൻ വിലക്കൂട്ടാതെ എണ്ണം കുറച്ച് പപ്പടം വിൽക്കാനാണ് പരമ്പരാഗത തൊഴിലാളികളുടെ തീരുമാനം.മുൻകാലങ്ങളിൽ 20 രൂപയുടെ കെട്ടിൽ 20 പപ്പടങ്ങളുണ്ടായിരുന്നു.ഇപ്പോൾ 14 ആയാണ് കുറച്ചത്.ജില്ലയിൽ നൂറിലേറെ പപ്പട നിർമ്മാണ യൂണിറ്റുകളാണുള്ളത്. തമിഴ്‌നാടൻ പപ്പടം വിപണിയിലുണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ ഉണ്ടാക്കുന്ന പപ്പടത്തിനാണ് രുചിക്കൂടുതലും ആവശ്യക്കാരേറെയുമുള്ളത്. ഒരു ദിവസം അഞ്ചു കിലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടമുണ്ടാക്കുന്നവർ മാത്രമേ ഇപ്പോൾ പരമ്പരാഗത രീതിയെ ആശ്രയിക്കുന്നുള്ളൂ.

പപ്പടക്കാരം,ഉഴുന്ന് എന്നിവയുടെ വിലക്കയറ്റമാണ് തൊഴിലാളികൾക്ക് വെല്ലുവിളിയാകുന്നത്. ഇതിന് പുറമെ കൂലിയും,വൈദ്യുതി ചാർജ് അടക്കമുള്ള മറ്റ് ചെലവുകളിൽ വന്ന വർദ്ധനവും മേഖലയെ പിന്നോട്ടടിക്കുകയാണെന്ന് സംരഭകർ പറയുന്നു.

വിപണിയിൽ വ്യാജന്മാർ

ഉഴുന്ന് മാവ്,പപ്പടക്കാരം,ഉപ്പ്,വെള്ളം എന്നിവ ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും,അരിപ്പൊടിയോ,കപ്പപ്പൊടിയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനിനാടൻ പപ്പടം.ഉഴുന്നു വിലയുടെ അടിസ്ഥാനത്തിൽ പപ്പട വിലയിലും ഏറ്റക്കുറച്ചിലുകൾ വരും.അതേസമയം അവസരം മുതലാക്കി വ്യാജ പപ്പടവും വിപണിയിലെത്തുന്നുണ്ട്.ഉഴുന്നിന് പകരം മൈദയാണ് അവർ ഉപയോഗിക്കുന്ന പ്രധാന ചേരുവ. മൈദ കിലോയ്ക്ക് 40 രൂപയിൽ താഴെയാണ് വില.എന്നാൽ സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരുകയുമില്ല,രുചിയുമുണ്ടാവില്ല.ഇതിനാൽ ഉത്പാദന ചെലവ് കുറയുകയും ചെറിയ തുകയ്ക്ക് കൂടുതൽ എണ്ണം പപ്പടം കൊടുക്കുകയും ചെയ്യും.

 പ്രദേശത്ത് 300ലേറെ പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികൾ

20,50 രൂപ എന്നിങ്ങനെയാണ് പപ്പടക്കെട്ടുകളുടെ വില

 പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളെ അവഗണിച്ച് സർക്കാരും