വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
പുലിക്കാട്ട് കടവ് പാലം യഥാർത്ഥ്യമായി
102.8 കോടി ചെലവിൽ മാനന്തവാടി പേര്യ റോഡ്
മാനന്തവാടി: സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനന്തവാടി പേര്യ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്ജസിന്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച പുലിക്കാട്ട്കടവ് പാലത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മേൽപ്പാലങ്ങൾ, ഫ്‌ളൈഓവറുകൾ, ബൈപാസുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മന്ത്രി ഒ.ആർ കേളു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിൽ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വികസന മുന്നേറ്റമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു. മാനന്തവാടി പോസ്റ്റ് ഓഫീസിന് സമീപം ആരംഭിച്ച്, വിമലനഗർ, മുതിരേരി, കുളത്തട, യവനാർകുളം, വാളാട്, മുള്ളൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് പേര്യ ജങ്ഷനിൽ അവസാനിക്കുന്ന മാനന്തവാടി പെരിയ റോഡ് 27കിലോമീറ്റർ നീളമുള്ള ഒരു മേജർ ഡിസ്ട്രിക്ട് റോഡാണ്. മലനിരകളും കുന്നുകളും ഉൾപ്പെട്ട ഭൂപ്രകൃതിയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ നേതൃത്വത്തിൽ ഇ.പി.സി മോഡിൽ 102.8 കോടി ചെലവിലാണ് റോഡ് പ്രവർത്തി നടത്തിയത്. റോഡിന്റെ പ്രവർത്തനക്ഷമതയും സേവനനിലവാരവും ദീർഘകാലം നിലനിർത്തുന്നതിനായി 5 വർഷത്തെ പരിപാലന കാലയളവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തവിഞ്ഞാൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിക്കാട്ട് കടവ് പാലം 12.5 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
നേരത്തെയുണ്ടായിരുന്ന തൂക്ക് മരപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികളുടെ വർഷങ്ങളായുള്ള യാത്ര. മഴക്കാലങ്ങളിൽ മരപ്പാലം വെള്ളത്തിൽ മുങ്ങുന്നതോടെ യാത്ര മുടങ്ങും. പിന്നെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്.
പുതിയ പാലം നിർമിച്ചതോടെ നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മാസ്റ്റർ, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ് അജിത്, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ ഒ. സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുക്കാർ എന്നിവർ പങ്കെടുത്തു.