ഗൃഹനാഥനില്ലാത്ത വീട് ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്കിന്റെ ശ്രമം തടഞ്ഞു

Saturday 21 February 2026 8:15 AM IST

ബുധനൂർ: മേസ്തിരിപ്പണിക്കാരനായ ഗൃഹനാഥൻ ജോലിക്ക് പോയ സമയത്ത് ഓട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും ഉൾപ്പെടെ വീട്ടിൽനിന്ന് പുറത്തിറക്കി വീട് ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്കിന്റെ ശ്രമം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് തടഞ്ഞു. ഉളുന്തി മേലേപറമ്പിൽ മഹേന്ദ്രന്റെ (55) വീട്ടിലാണ് ജപ്തിശ്രമം നടന്നത്. മഹേന്ദ്രൻ ജോലിക്ക് പോയ സമയത്താണ് ഉദ്യോഗസ്ഥർ ജപ്തിക്കായി വീട്ടിലെത്തിയത്. ഓട്ടിസം ബാധിച്ച ഇരുപത്തിരണ്ടുകാരനായ മകനും, മകളും, മകളുടെ കൈക്കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ വീട് പൂട്ടാൻ ശ്രമിക്കുകയായിരുന്നു. നിസ്സഹായരായ ഇവർ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നതിനിടെ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധികളും നാട്ടുകാരും നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ജനപ്രതിനിധികളും ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയും ജപ്തി നടപടികൾ താത്കാലികമായി നിർത്തിവച്ച് മടങ്ങുകയുമായിരുന്നു. ബി.ജെ.പി ജില്ലാപ്രസിഡന്റ് സന്ദീപ് വാചസ്പതി, വാർഡ് മെമ്പർ രാജേഷ് ഗ്രാമം, കെ.എം.ഗിരീഷ് ബുധനൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.മോഹനൻ, ജോൺ ഉളുന്തി, ഹരി ഗ്രാമം, ബിനു പള്ളത്തെക്കേതിൽ എന്നിവരാണ് ബാങ്ക് അധികൃതരുമായി സംസാരിച്ചത്.