കാലിലെ കമ്പി മാറ്റാൻ പറയാൻ ഡോക്ടർ മറന്നു! ജീവിതം കണ്ണീരിലായി
അമ്പലപ്പുഴ : ശസ്ത്രക്രിയ നടത്തി കാലിലിട്ട കമ്പി ആറുമാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കാൻ ഡോക്ടർ മറന്നതോടെ മത്സ്യത്തൊഴിലാളിയായ 46കാരന് നഷ്ടം സ്വന്തം ആരോഗ്യവും ആറ് ലക്ഷം രൂപയും. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡ് മാടായിക്കത്തറ വീട്ടിൽ ബാബുമോനാണ് ഈ ഹതഭാഗ്യൻ.
ഇരുചക്ര വാഹനത്തിൽ മീൻവില്പന നടത്തുന്നതിനിടെ പുന്നപ്ര മാർക്കറ്റിന് കിഴക്കുവച്ച് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് ഗുരുതര പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുള്ളതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തലയുടേയും നെഞ്ചിന്റെയും ശസ്ത്രക്രിയ നടത്തിയതിന് രണ്ടുമാസത്തിനുള്ളിൽ 14 ലക്ഷം രൂപ ചെലവായി. കാലിലെ ഒടിവിന്റെ ശസ്ത്രക്രിയ കൂടി നടത്താൻ പണം ഇല്ലാതിരുന്നതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരികെയെത്തി. 2023 ഒക്ടോബറിൽ ഇടതുകാലിൽ ശസ്ത്രക്രിയ നടത്തി. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിൽ വിടുകയും ചെയ്തു. ആറുമാസം പിന്നിട്ടതോടെ കാൽ പഴുക്കാൻ തുടങ്ങി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ 6 മാസത്തിനുള്ളിൽ മാറ്റേണ്ട കമ്പിയാണ് ഇട്ടിരിക്കുന്നതെന്നും ഒരു കമ്പിയുടെ സ്ക്രൂ ഇളകി കിടക്കുകയാണെന്നും കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ആറ് സെന്റീമീറ്റർ നീളത്തിൽ അസ്ഥിമുറിച്ചുകളഞ്ഞു. റിംഗ് കമ്പിയിട്ട് അസ്ഥി കെട്ടിവെച്ചു. ഇതിന് 6 ലക്ഷത്തോളം രൂപ ചെലവായി. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം വീട് പണയപ്പെടുത്തിയും നാട്ടുകാരുടെ സഹായത്തിലുമാണ് ചികിത്സ നടത്തിയത്. ചികിത്സാപ്പിഴവ് സംബന്ധിച്ച് ഡി.ജി.പിക്കും ആരോഗ്യ വകുപ്പിനും ഉടൻ പരാതി നൽകുമെന്ന് ബാബുമോൻ പറഞ്ഞു.