മാപ്പില്ലാത്ത ക്രൂരത
അമ്പലപ്പുഴ: അഞ്ച് വർഷം തുടർച്ചയായി വേദന തിന്ന ദിനരാത്രങ്ങൾ. മൂത്രം ഒഴിച്ചാൽ നിവർന്നു നിൽക്കാനാവാതെ കരഞ്ഞുപോകുന്ന അവസ്ഥ. ഓരോ തവണയും വേദന വരുമ്പോൾ കാണുന്ന ഡോക്ടർമാർ കുറിച്ചു നൽകുന്ന ആയിരക്കണക്കിന് രൂപയുടെ വേദന സംഹാരികളിൽ മാത്രം അഭയം തേടി ഉറങ്ങാൻ സാധിച്ചിരുന്ന എണ്ണമറ്റ രാത്രികൾ. ഡയപ്പർ ധരിക്കാതെ പുറത്തുപോകാൻ സാധിക്കാത്ത ദുരിതജീവിതം. ഒരു തുള്ളി മൂത്രം പോകുന്നത് പോലും പ്രാണൻ കളയുന്ന വേദനയായി മാറിയിരുന്നു. ഇതിനൊക്കെയും ഉത്തരം കിട്ടാൻ പുന്നപ്ര നാൽപ്പതിൽചിറയിൽ ഉഷാ ജോസഫിനും (59) കുടുംബത്തിനും കാത്തിരിക്കേണ്ടി വന്നത് അഞ്ച് വർഷങ്ങളാണ്. ന്യായീകരണമില്ലാത്ത ചികിത്സാപ്പിഴവിന് ഇരയായെന്ന് തിരിച്ചറിയുമ്പോഴും, ഇത്ര നാൾ അനുഭവിച്ച നരകായതനയ്ക്ക് ഉടൻ അറുതിയാകുമല്ലോ എന്നത് ഉഷയ്ക്ക് ആശ്വാസം പകരുന്നു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആദ്യം പിഴവ് വിവരം മറച്ചുവെച്ചെങ്കിലും പിന്നീട് വാർത്ത കാട്ടുതീ പോലെ പടർന്നതോടെ അപ്രതീക്ഷിതമായാണ് സഹായഹസ്തങ്ങൾ ശോഭയെ തേടിയെത്തിയത്. ഉഷയെ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിതുറന്നത്.
28 വർഷം മുൻപാണ് പുന്നപ്ര വിയാനിയിൽ നിന്നും പുന്നപ്ര കിഴക്ക് കരിമ്പാവളവിലക്ക് ഉഷ വിവാഹിതയായി എത്തിയത്. വീതമായി കിട്ടിയ 10 സെന്റ് സ്ഥലത്ത് ഷെഡ് വച്ചായിരുന്നു താമസം. ഭർത്താവ് ജോസഫ് മാർ ഗ്രിഗോറിയോസ് പള്ളിയിൽ തോട്ടക്കാരനായി പോയി ലഭിക്കുന്ന തുച്ഛമായ വേതനത്തിലാണ് കുടുംബം പുലർന്നിരുന്നത്. ഭർത്താവിനെ സഹായിക്കാൻ ഉഷയും തൊഴിലുറപ്പിനു പോയി തുടങ്ങി. മക്കളുമായി സന്തോഷമായി കഴിയവെയാണ് 2021 ൽ വയറ്റിലെ മുഴനീക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങൾക്കകം വീട്ടിലെത്തി. പിന്നിട് സ്ഥിരം വയറു വേദന വരാൻ തുടങ്ങി. വേദനയും ശ്വാസം മുട്ടലും വരുമ്പോൾ അടുത്തുള്ള ചെറിയ ആശുപത്രിയിൽ പോകും. മരുന്നു കഴിക്കും.ഇത് പതിവായി.ഇരുവർക്കും കിട്ടുന്ന പണം ചികിത്സക്കായി മാറി. ഇതോടെ സ്വന്തമായി വീടെന്നത് സ്വപ്നമായി. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ ഷിബിന്റെ (25) വിവാഹത്തോടനുബന്ധിച്ചാണ് പറവൂൽ വീട് വാടകക്കെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി മൂത്രത്തിൽ രക്തം വരാൻ തുടങ്ങിയതോടെയാണ് യൂറോളജി ഡോക്ടറെ കണ്ടതും എക്സ് റേയിൽ കത്രിക കണ്ടെത്തിയതും. സാമ്പത്തിക പ്രയാസം മൂലം മകൻ പ്ലസ് ടു പഠനത്തിനു ശേഷം കടകളിൽ സാധനങ്ങൾ കൊടുക്കുന്ന ജോലി ചെയ്യുകയാണ്. മകൾ സിനി (19) തമിഴ്നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ആശ മുതൽ ഉഷ വരെ
കേവലം രണ്ട് വർഷത്തെ മാത്രം കണക്കെടുത്താൽ ആലപ്പുഴയ്ക്ക് ഒരു ഡസനിലേറെ ചികിത്സാപ്പിഴവിന്റെ കഥകൾ പറയാനുണ്ട്. പ്രസവം നിറുത്താനുള്ള ശസ്ത്രക്രിയ്ക്ക് വിധേയയായ പഴവീട് സ്വദേശിനി ആശ ശരത് മരിച്ചത് 2024 ജനുവരിയിലാണ്, അതേ വർഷമാണ് ഗർഭാവസ്ഥയിലെ പരിശോധനകളിലൊന്നും ശിശുവിന്റെെ വൈകല്യങ്ങൾ കണ്ടുപിടിക്കാതിരുന്നതിനെ തുടർന്ന് അസാധാരണ വൈകല്യങ്ങളുമായി ആലപ്പുഴ നഗരവാസികളായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇക്കാലയളവിൽ തന്നെ വണ്ടാനം സ്വദേശിയായ യുവതിയുടെ എട്ട് ദിവസം പ്രായമായ കുഞ്ഞിന്റെ മരണവും, പ്രസവത്തോട് അനുബന്ധിച്ച് ഗർഭിണികളുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് അനുമതി തേടാതെ കാൽവിരലുകൾ മുറിച്ചുമാറ്റിയെന്ന ആരോപണം 58കാരിയുടെ കുടുംബം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഉന്നയിച്ചത്. മുറിവിൽ ചില്ലു കഷ്ണങ്ങൾ നീക്കം ചെയ്യാതെ കെട്ടിവച്ചതടക്കം നിരവധി പരാതികൾ ദിനം പ്രതി ആലപ്പുഴയിലെ ആതുരാലയങ്ങൾക്കെതിരെ ഉയരുകയാണ്.