മുറിവ് തുന്നിക്കെട്ടിയത് തറച്ചു കയറിയ ചില്ല് മാറ്റാതെ

Saturday 21 February 2026 12:18 AM IST

തുറവൂർ: വാഹനാപകടത്തെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഓട്ടോത്തൊഴിലാളിയുടെ മുറിവ് തുന്നിക്കെട്ടിയത് ഉള്ളിലിരുന്ന ചില്ലുകഷ്‌ണങ്ങൾ നീക്കം ചെയ്യാതെ! പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതും നീക്കം ചെയ്തതും.

തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വളമംഗലം മേനാംവീട്ടിൽ രാധാകൃഷ്ണപിള്ളയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞവർഷം ഡിസംബർ 16​ന് കളവംകോടം പാലത്തിനു സമീപം തെരുവുനായ വട്ടംചാടിയതിനെ തുടർന്ന് രാധാകൃഷ്ണപിള്ള ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ വലതുകൈയുടെ മുട്ടിന് മുകളിലായി ഗുരുതരമായി പരിക്കേറ്റു. മറിഞ്ഞ ഓട്ടോയുടെ മുൻഭാഗത്തെ ചില്ല് പൊട്ടുകയും, ചില്ലുകഷണങ്ങൾ പരിക്കേറ്റ ഭാഗത്ത് തറച്ചുകയറുകയും ചെയ്തു. ചേർത്തല താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിക്ക് വിശദമായി പരിശോധിക്കാതെയാണ് തുന്നലിട്ട് വിട്ടയച്ചതെന്നാണ് രാധാകൃഷ്ണപിള്ളയുടെ ആരോപണം. രണ്ടുമാസം കഴിഞ്ഞിട്ടും മുറിവ് ഉണങ്ങാതെ കടുത്തവേദന തുടർന്നതോടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ മുറിവിനുള്ളിൽ അഞ്ച് ചില്ലു കഷ്‌ണങ്ങൾ കണ്ടെത്തി. 65 ദിവസങ്ങൾക്ക് ശേഷമാണ് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തത്. താലൂക്ക് ആശുപത്രിയിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് രാധാകൃഷ്ണപിള്ള പരാതി നൽകി. അപകടത്തെ തുടർന്ന് രണ്ടുമാസത്തോളം ജോലിക്കുപോകാൻ കഴിയാതെ രാധാകൃഷ്ണപിള്ള വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ഹരിതകർമ്മസേനയിൽ ജോലി ചെയ്യുന്ന ഭാര്യ സുരക്ഷിതയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം താളം തെറ്റി.

അടിയന്തിര നടപടി സ്വീകരിക്കും പരാതിയിൽ പരിശോധന നടക്കുകയാണ്. പലഭാഗങ്ങളിൽ മുറിവുമായെത്തിയപ്പോൾ പ്രാഥമിക ചികിത്സമാത്രമാണു നൽകിയത്. വിശദപരിശോധന നടക്കാത്തതിനാലാണ് ചില്ലുകണ്ടെത്താനാകാതെ വന്നത്.തുടർ പരിശോധനക്ക് പരാതിക്കാരൻ ആശുപത്രിയിലെത്തിയിരുന്നില്ല. ദിവസേന 1000ത്തിലധികം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്ന ആശുപത്രിയുടെ പ്രവർത്തനത്തെ ഇതിന്റെ പേരിൽ ഇടിച്ചുതാഴ്ത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമങ്ങൾ നടക്കുന്നത് ജീവനക്കാരുടെ മനോവീര്യം തകർക്കും. -ഡോ.എസ്.ആർ.ആമിന താലൂക്ക് ആശുപത്രി സൂപ്രണ്ട്

യൂത്ത് കോൺഗ്രസ് ആർ.എം.ഒ യെ ഉപരോധിച്ചു ചേർത്തല : താലൂക്കാശുപത്രിയിൽ ചികിത്സാപിഴവുണ്ടായതിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിയിൽ സമരം നടത്തി. പ്രകടനത്തിനു ശേഷം ആർ.എം.ഒയെ ഉപരോധിച്ചു.പൊലീസ് സമരക്കാരെ നീക്കി.സമരം കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ. രവിപ്രസാദ് അദ്ധ്യക്ഷനായി.പി.വി.സന്തോഷ്,സോനു,എൻ.ജെ. അനന്തകൃഷ്ണൻ,അമിനുൾ അസ്ലം,യു.കെ.അനന്തകൃഷ്ണൻ,റെജിൻ,ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.