എ.ഐ ഉച്ചകോടിയിൽ ഷർട്ടില്ലാ പ്രതിഷേധം
ന്യൂഡൽഹി: വൻസുരക്ഷാ സന്നാഹത്തിനിടെയും എ.ഐ ഉച്ചകോടിയിലെ എക്‌സ്‌പോ ഹാളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഇന്ത്യ-യു.എസ് കരാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മുദ്രാവാക്യം മുഴക്കി. പത്ത് പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എക്‌സിലൂടെ യൂത്ത് കോൺഗ്രസാണ് പ്രതിഷേധ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉച്ചകോടിയുടെ തിളക്കമാർന്ന വേദിക്കുപിന്നിൽ സത്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് സംഘടന പ്രതികരിച്ചു. കോർപ്പറേറ്റ് താത്പര്യങ്ങൾ ദേശീയ താത്പര്യങ്ങളെ മറികടക്കുന്നു. വിദേശനയത്തിലെ മൃദുത്വം വ്യക്തമായി ദൃശ്യമാകുകയും ചെയ്യുമ്പോൾ പ്രതിഷേധം കടമയായി മാറുന്നുവെന്നും ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. അടുത്തിടെയുണ്ടായ വ്യാപാര കരാറുകളെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു. രാഹുലിന്റെ കാലാൾപ്പട ഷർട്ട് ധരിക്കാതെ പ്രതിഷേധപ്രകടനം നടത്തി 140 കോടി ഇന്ത്യക്കാരെ നാണം കെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.