സുപ്രീംകോടതിയുടെ അസാധാരണ ഇടപെടൽ ബംഗാൾ എസ്.ഐ.ആർ ജുഡി. മേൽനോട്ടത്തിൽ

Saturday 21 February 2026 12:20 AM IST

വോട്ടർമാരുടെ പരാതികളിൽ ജഡ്‌ജിമാ‌ർ തീരുമാനമെടുക്കും

അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവെന്ന്

ന്യൂഡൽഹി: പശ്ചിമബംഗാളിലെ തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ സ്തംഭിപ്പിച്ചുകൊണ്ട് മമത സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലടിക്കവേ സുപ്രീംകോടതിയുടെ അസാധാരണ ഇടപെടൽ. പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാനത്തെ ജില്ലാ ജഡ്‌ജി, അഡിഷണൽ ജില്ലാ ജഡ്‌ജി പദവിയിലുള്ള സിറ്റിംഗ് ജഡ്‌ജിമാരെയും ഇതേസ്ഥാനത്തുനിന്ന് വിരമിച്ചവരെയും നിയോഗിക്കാൻ ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവിടേണ്ടി വരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇലക്‌ടറൽ രജിസ്റ്റർ ഓഫീസർമാരായി (ഇ.ആർ.ഒ) പ്രവർത്തിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേട്ട് പദവിയുള്ള ഗ്രൂപ്പ് ബി ഓഫീസർമാരെ സംസ്ഥാന സർക്കാർ വിട്ടുകൊടുത്തിരുന്നു. എന്നാൽ കമ്മിഷന് അവർ നിയോഗിക്കുന്ന മൈക്രോ ഒബ്സർവ‌ർമാരെയും സ്‌പെഷ്യൽ റോൾ ഒബ്സർവർമാരെയുമാണ് വിശ്വാസം. പ്രക്രിയയിൽ നീതി ഉറപ്പാക്കാൻ മറ്റൊരു പോംവഴിയും കോടതിക്കുമുന്നിലില്ല. ജുഡിഷ്യൽ ഓഫീസർമാരെ നിയോഗിക്കാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടപടിയെടുക്കണം. ജില്ലാ കളക്‌ടർമാരും എസ്.പിമാരും കമ്മിഷൻ ഉദ്യോഗസ്ഥരും അവരെ സഹായിക്കണം. ജഡ്‌ജിമാർ പരിഗണിച്ചിരുന്ന അടിയന്തര ഉത്തരവുകൾ ആവശ്യമുള്ള ഹ‌ർജികൾ മറ്റു കോടതികളിലേക്ക് മാറ്റണം.

പരസ്‌പരം വിശ്വാസമില്ല

ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ ഒരുവശത്ത്. തിരഞ്ഞെടുപ്പ് കമ്മിഷൻ മറുവശത്ത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങളും തമ്മിൽ പരസ്‌പര വിശ്വാസമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കോടതി നിരീക്ഷിച്ചു. ദൗർഭാഗ്യകരമായ ആരോപണ-പ്രത്യാരോപണങ്ങളാണ് ഇരുഭാഗവും നടത്തുന്നത്. പരസ്‌പരം കുറ്റപ്പെടുത്തുന്ന കളിയാണ് നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഇ.ആർ.ഒ ആയി

പ്രവർത്തിക്കണം

കരട് വോട്ടർപ്പട്ടികയിൽ നിന്ന് പേരുകൾ നീക്കിയവ‌ർ നൽകിയ പരാതികൾ ഇനി ജുഡിഷ്യൽ ഓഫീസർമാർ പരിഗണിച്ച് തീരുമാനമെടുക്കും. ഇ.ആർ.ഒ ആയി പ്രവർത്തിക്കും. പ്രക്രിയ പൂർത്തിയാകുന്ന മുറയ്‌ക്ക്, മുൻനിശ്ചയിച്ച പ്രകാരം 28ന് കമ്മിഷന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാമെന്ന് കോടതി പറഞ്ഞു. ശേഷം സപ്ലിമെന്ററി ലിസ്റ്റുകളും പ്രസിദ്ധീകരിക്കാം. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ്,​ ചീഫ് സെക്രട്ടറി,​ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ തുടങ്ങിയവർ ഇന്ന് യോഗം ചേരണം. പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.