ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോൺ. പ്രവർത്തകർ
9 പ്രവർത്തകർ റിമാൻഡിൽ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയ വിവാദത്തെക്കുറിച്ച് വിശദീകരിക്കാൻ ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനുമുകളിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് പിടിച്ചുമാറ്റിയത്. മൽപ്പിടിത്തത്തിനൊടുവിൽ ഇവരെ പൊലീസ് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു. വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് ബലപ്രയോഗത്തിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുപൊലീസ് ഉദ്യോഗസ്ഥന്റെ കാലിലും ജീപ്പ് കയറി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, തനീഷ്.ടി, അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ആശുപത്രിയിൽ എത്തിയവരും പ്രതിഷേധിച്ചു.