ശസ്ത്രക്രിയകൾ മുടങ്ങി
മുളങ്കുന്നത്തുകാവ്: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിൽ ഇന്നലെയും ശസ്ത്രക്രിയകൾ മുടങ്ങി. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇതിൽ ക്യാൻസർ-ഹൃദയ ശസ്ത്രക്രിയകൾ, മാറ്റി വയ്ക്കാൻ പറ്റാത്ത ശസ്ത്രക്രിയകൾ എന്നിവ മാത്രമാണ് നടന്നത്. ശരാശരി അമ്പതോളം ശസ്ത്രക്രിയകൾ മുടങ്ങി. ഒ.പി ബഹിഷ്‌കരണം പോലെ അനിശ്ചിതകാല ശസ്ത്രക്രിയ തിയേറ്റർ ബഹിഷ്‌കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാതലത്തിൽ ശസ്ത്രക്രിയക്കായി രോഗികളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഒ.പി ബഹിഷ്‌കരണ സമരം കൂടി ഉള്ളതിനാൽ പി.ജി ഡോക്ടർമാരാണ് ഒ.പികൾ കൈകാര്യം ചെയ്തത്. സമരത്തിന്റെ പശ്ചാതലത്തിൽ ഒ.പി ചികിത്സക്കെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. അത്യാഹിത വിഭാഗം, ഐ.സി.യുകൾ, വാർഡുകൾ എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇവിടങ്ങളിലെ സേവനങ്ങളെയും ചെറിയ തോതിൽ ബാധിച്ചു.