പൂരത്തിന് ഉന്നതതല യോഗവുമായി മുഖ്യമന്ത്രി, ലക്ഷ്യം കുറ്റമറ്റ സംഘാടനം
തൃശൂർ: 2024ലെ പൂരം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഉന്നതതല യോഗം വിളിക്കും. അന്നത്തെപോലെ പൂരം തടസപ്പെടാതിരിക്കാൻ, കഴിഞ്ഞ വർഷത്തെ മാതൃകയിൽ മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞ വർഷവും മുഖ്യമന്ത്രി യോഗം വിളിച്ച് ചേർത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ ചേരും. തിരഞ്ഞെടുപ്പ് അടുത്താൽ തുടർന്നുള്ള നിയന്ത്രണം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും. കഴിഞ്ഞ വർഷം സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മികച്ച സംഘാടനമായിരുന്നു ഉണ്ടായിരുന്നത്. കോർപറേഷൻ നേരത്തെ തന്നെ പൂരം ഒരുക്കങ്ങൾ ആരംഭിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേർത്തിരുന്നു.
ദേവസ്വങ്ങളിലും ഒരുക്കം സജീവം
തൃശൂർ പൂരത്തിന്റെ പ്രധാനികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിലും ഒരുക്കങ്ങൾ ആരംഭിച്ചു. നൂറിലേറെ ആനകൾ ഇരു ദേവസ്വങ്ങൾക്കും മറ്റു ഘടകപൂരങ്ങൾക്കുമായി അണിനിരക്കും. നാട്ടാനക്ഷാമം രൂക്ഷമായതോടെ നേരത്തെ തന്നെ ആനകളെ ബുക്ക് ചെയ്യുന്നുണ്ട്. ആനകളെ കർശന പരിശോധനകൾക്ക് ശേഷമാണ് പൂരം എഴുന്നള്ളിപ്പിന് പങ്കെടുപ്പിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിന് കോടതികളിൽ നിന്ന് അനുകൂലമായ വിധി വരുന്നത് സംഘാടകർക്കും പൂരപ്രേമികൾക്കും ആശ്വാസമാണ്. പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിന് ഒരുക്കങ്ങൾ തുടങ്ങി. മാർച്ച് അവസാനത്തോടെ പ്രദർശനം ആരംഭിക്കും.