മണിപ്പൂർ കലാപത്തിൽ പരിക്കേറ്റ ബി.ജെ.പി നേതാവ് മരിച്ചു
ഇംഫാൽ: മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപുറപ്പെട്ടതിന്റെ ആദ്യഘട്ടത്തിൽ ആക്രമണത്തിനിരയായ ബി.ജെപി എം.എൽ.എ വുങ്സാഗിൻ വാൽട്ടെ (63) മരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2023 മേയിലാണ് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കുക്കി വിഭാഗത്തിലെ ഉപവിഭാഗമായ സോമി ഗോത്രത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു . മെയ്‌തി സായുധസംഘമാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ആക്രമണം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകർത്തു. വീൽചെയറിലായിരുന്നു ജീവിതം. തലയ്‌ക്ക് സാരമായ പരിക്കേറ്റതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 8ന് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇംഫാലിൽ നിന്ന് ഡൽഹിയിലേക്ക് എയർ ആംബുലൻസ് മുഖേന കൊണ്ടുവന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചുരാചന്ദ്പൂരിലെ തൻലോൻ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു. മൂന്ന് തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് മണിപ്പൂരിലെ ഗോത്രവർഗ ക്ഷേമ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.