ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് : പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്‌തു

Saturday 21 February 2026 2:36 AM IST

കാട്ടാക്കട: ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായതിന്റെ മനോവിഷമത്തിൽ കാട്ടാക്കടയിൽ യുവാവ് ആത്മഹത്യ ചെയ്‌തു. കാട്ടാക്കട തൂങ്ങാംപറ പോങ് വിളയിൽ പ്രീത കോട്ടേജിൽ പ്രമോദാണ് (44) വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അഞ്ചുവർഷം മുമ്പ് കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്‌തയാൾക്ക് പത്തുലക്ഷം രൂപയും ഭാര്യയ്‌ക്ക് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്‌തയാൾക്ക് മൂന്നുലക്ഷം രൂപയും പ്രമോദ് നൽകിയിരുന്നു. ഇത്രയും നാളായിട്ടും ജോലിയോ കൊടുത്ത തുകയോ ലഭിച്ചില്ല. കെ.എസ്.എഫ്.ഇയിൽ നിന്നും ചിട്ടിക്ക് ചേർന്ന് വസ്‌തു ഈടായി നൽകിയാണ് പണം നൽകിയത്.

ഭാര്യ: അഞ്ചു,​മകൾ ഏഴാം ക്ലാസുകാരി അനന്യ എന്നിവർക്കൊപ്പം കുടുംബ വീട്ടിലാണ് പ്രമോദ് കഴിഞ്ഞിരുന്നത്. പ്രമോദ് കൂലിപ്പണിക്ക് പോയും ഭാര്യ അഞ്ജു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയുമാണ് കഴിഞ്ഞിരുന്നത്. വസ്‌തു ജപ്‌തി ആകുമെന്ന ആശങ്കയും ബാദ്ധ്യതകൾ കൂടിയതും കാരണം പ്രമോദ് കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. കാട്ടാക്കട പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ സംസ്‌കരിച്ചു. തൊഴിൽ തട്ടിപ്പിനെക്കുറിച്ച് സഹോദരൻ പ്രദീപ് കാട്ടാക്കട പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.