14 കാരൻ ഓടിച്ച കാർ തലകീഴായി മറിഞ്ഞു
തിരുവനന്തപുരം: മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷം,അർദ്ധരാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ 14കാരനും 16കാരനായ സുഹൃത്തും അപകടത്തിൽപ്പെട്ടു.100 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിൽ നിന്ന് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചെ രണ്ടരയോടെ കരമന നന്തിലത്ത് ജി മാർട്ടിന് സമീപം, അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിന്റെ ഇരുമ്പ് കൈവരികൾ തകർത്ത് താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു.
പട്ടം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ കുമാരപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കരമന പൊലീസിന്റെ പട്രോളിംഗ് ജീപ്പിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് പൊലീസ് വീട്ടുകാരെ വിവരമറിയിച്ചു.
തങ്ങൾ ഉറങ്ങാൻ നേരത്ത് മക്കൾ വീട്ടിൽ ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. രണ്ടുപേരുടെയും മാതാപിതാക്കൾ എത്തിയ ശേഷമാണ് പൊലീസ് ആശുപത്രിയിൽ നിന്ന് പോയത്. പാപ്പനംകോട് ഭാഗത്ത് സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തശേഷം തിരികെ കുമാരപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമയായ, കാർ ഓടിച്ച വിദ്യാർത്ഥിയുടെ അമ്മയുടെ പേരിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു.