ബംഗ്ളാദേശ്: വിസാ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഇന്ത്യ

Saturday 21 February 2026 7:10 AM IST

ന്യൂഡൽഹി: താരിഖ് റഹ്മാന്റെ നേതൃത്വത്തിലെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ബംഗ്ലാദേശുമായുള്ള വിസാ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഇന്ത്യ. ഇന്ത്യൻ പൗരന്മാർക്കുള്ള വിസാ സേവനങ്ങൾ ബംഗ്ലാദേശ് ഇന്നലെ പൂർണമായും പുനഃസ്ഥാപിച്ചതോടെയാണ് ഇന്ത്യയും നടപടികൾ ശക്തമാക്കിയത്.

നിലവിൽ ബംഗ്ളാദേശി പൗരന്മാർക്ക് അടിയന്തര മെഡിക്കൽ, ഇരട്ട പ്രവേശന വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്. നിറുത്തിവച്ച യാത്രാ വിസകൾ ഉൾപ്പെടെയുള്ളവ ഉടൻ പുനരാരംഭിക്കുമെന്ന് സിൽഹെറ്റ് ഇന്ത്യൻ എംബസിയിലെ സീനിയർ കോൺസുലാർ ഉദ്യോഗസ്ഥൻ അനിരുദ്ധ ദാസ് അറിയിച്ചു.

വിഘടനവാദി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഡിസംബറിലാണ് ബംഗ്ലാദേശിലെ വിസാ പ്രവർത്തനങ്ങൾ ഇന്ത്യ നിറുത്തിവച്ചത്. ഇന്ത്യയുടെ നടപടിക്ക് ബദലായി ന്യൂഡൽഹി, കൊൽക്കത്ത, അഗർത്തല വിസാ കേന്ദ്രങ്ങളുടെ പ്രവർത്തനം ബംഗ്ളാദേശും മരവിപ്പിക്കുകയായിരുന്നു.