ഇവിടെ പേനപൂജിച്ചാൽ പരീക്ഷയ്ക്ക് വിജയം ഉറപ്പെന്ന് വിശ്വാസം, വഴിപാടിലുമുണ്ട് പ്രത്യേകത

Saturday 21 February 2026 1:34 PM IST

മലപ്പുറം ജില്ലയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഇന്ത്യനൂർ ശ്രീ മഹാഗണപതിക്ഷേത്രം. കോട്ടയ്ക്കൽ നഗരസഭയിലുള്ള ഈ ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ശിവ-വിഷ്ണുക്ഷേത്രമാണ്. പാർവതീ സമേതനായ പരമശിവനും മഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ ശ്രീകോവിലുകളിൽ വാഴുന്നുണ്ട്. എന്നാൽ ഉപദേവനായ ഗണപതിക്കാണ് ഇവിടെ പ്രാധാന്യം.

150 വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദികേശ വിഗ്രഹം നാലമ്പലത്തിനുള്ളിലായിരിക്കും. എന്നാൽ ഇവിടെ നന്ദി പുറത്താണ്. അമ്പലത്തിന്റെ പ്രധാനകവാടം അടച്ചിട്ടിരിക്കുകയാണ്. കോപപ്പെട്ട ശിവൻ നന്ദികേശനോട് പുറത്തുപോയിരിക്കാൻ ആവശ്യപ്പെട്ടശേഷം വാതിലടച്ചുവെന്നാണ് വിശ്വാസം. നന്ദിയെ പുറത്താക്കിയത് പാർവതിയാണെന്നുള്ള വിശ്വാസവുമുണ്ട്. പ്രതിഷ്ഠാ ദിനത്തിലും വിശേഷ ദിവസങ്ങളിലും മാത്രമേ പ്രധാന വാതിൽ തുറക്കാറുള്ളൂ.

ശിവന്റെയും ഗണപതിയുടെയും ശ്രീകോവിലിനിടയിൽ ഉണ്ടായ ഇളക്കം മാറ്റാൻ പെരുന്തച്ചൻ ഉളികൊണ്ട് ശ്രീകോവിലിന്റെ പൂട്ടിന് പൂള് കൊടുത്ത സ്ഥലവും ഇവിടെ കാണാം. ശിവനും പാർവതിയും സുബ്രഹ്മണ്യനെ കുളിപ്പിച്ചശേഷം താളിയുടെ ചണ്ടി വലിച്ചെറിഞ്ഞ സ്ഥലമാണ് ഓവുങ്ങൽ തിരുതാളി. ഇതിന്റെ സങ്കല്പത്തിൽ ശിവലിംഗവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

പരീക്ഷാ സമയത്ത് പേനകൾ പൂജിക്കാൻ നിരവധിപേരാണ് ഇവിടെ എത്തുന്നത്. ഇവിടെ പ്രാർത്ഥിക്കുകയും പൂജിച്ച പേനകൊണ്ട് പരീക്ഷ എഴുതുകയും ചെയ്താൽ വിജയം ഉറപ്പെന്നാണ് വിശ്വാസം. ഒറ്റ അപ്പം വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. പച്ചരി അരച്ചെടുത്ത മാവിൽ ഉരുക്കിയ ശർക്കര ചേർത്ത് നെയ്യിൽ ചുട്ടെടുക്കുന്ന അല്പം കട്ടിയുള്ള മധുരപലഹാരമാണിത്. ഇവിടത്തെ നിവേദ്യം മുഴുവൻ കഴിക്കുന്നത് ഉണ്ണിഗണപതിയാണെന്ന വിശ്വാസമുണ്ട്.