രജനി പാലാംപറമ്പിലിന്റെ ആത്മകഥ 'ആ നെല്ലിമരം പുല്ലാണ്' ഇംഗ്ളീഷ് പതിപ്പ് എത്തുന്നു
കോട്ടയം: എഴുത്തുകാരി രജനി പാലാംപറമ്പിലിന്റെ 'ആ നെല്ലിമരം പുല്ലാണ്' എന്ന ആത്മകഥയുടെ ഇംഗ്ളീഷ് പതിപ്പ് പുറത്തിറങ്ങുന്നു. 'മൈ ബേർണിംഗ് മൺസൂൺസ്' എന്നാണ് പുസ്‌തകത്തിന് പേരുനൽകിയിരിക്കുന്നത്. പ്രിയ കെ നായർ ആണ് പുസ്‌തകം ഇംഗ്ളീഷിലേയ്ക്ക് വിവർത്തനം ചെയ്തത്. ഗൂസ്‌ബെറി പബ്ളിക്കേഷനാണ് പ്രസിദ്ധീകരണം. മാർച്ച് ഒന്നിനാണ് പുസ്‌തകം പ്രകാശനം ചെയ്യുന്നത്.
കോട്ടയം കടുത്തുരുത്തി സ്വദേശിയായ രജനിയുടെ ആത്മകഥ എം ജി സർവകലാശാലയുടെ ബി എ മലയാളം സിലബസിൽ ഇടംനേടിയിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട രജനി അനുഭവിച്ച ജാതി വിവേചനങ്ങളും അധിക്ഷേപങ്ങളുമാണ് പുസ്‌തകത്തിൽ പ്രധാനമായും പരാമർശിക്കുന്നത്.
2021ലാണ് രജനി ആത്മകഥ എഴുതിയത്. ഫേസ്‌ബുക്കിലും മറ്റും എഴുതിയിരുന്ന കവിതകൾക്കും മറ്റ് എഴുത്തുകൾക്കും കിട്ടിയ അഭിനന്ദനങ്ങളാണ് ആത്മകഥയെഴുതാൻ പ്രചോദനമായതെന്ന് രജനി പറയുന്നു. ഒരു ഓൺലൈൻ മാഗസിനുവേണ്ടി സ്‌കൂൾ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ലേഖനം കണ്ട് ഗൂസ്‌ബെറി ബുക്‌സ് സമീപിക്കുകയായിരുന്നു.