പുസ്തകം
അത്രമേൽ പ്രിയം കടുത്ത ഒറ്റപ്പെടലിലും ഏകാന്തതയിലും പെട്ടുപോയ സെലിൻ എന്ന കഥാപാത്രത്തിന് ഒടുവിൽ തന്നെക്കുറിച്ചു തന്നെയും പുറംലോകത്തെക്കുറിച്ചും ഉണ്ടാകുന്ന തിരിച്ചറിവാണ് നോവൽ പറയുന്നത്. ആ തിരിച്ചറിവിൽ നിന്ന് പെൺകരുത്തിന്റെ പ്രതീകമായി കഥാപാത്രം മാറുന്നത് ഷബീന നജീബിന്റെ എഴുത്തിൽ നമുക്ക് കാണാം. അതീവസുന്ദരമായ പ്രണയ നോവൽ. പതിനേഴ് അദ്ധ്യായങ്ങളിലായുള്ള ഒരു ചെറിയപുസ്തകം. കാലം കാത്തുവയ്ക്കുന്ന ദുരനുഭവങ്ങളിലൂടെ കടന്നുപോവുകയും, അതിനെയെല്ലാം തരണംചെയ്ത് മുന്നേറുകയും ചെയ്ത ഒരു പെൺകുട്ടി തന്റേതായ തിരിച്ചറിവിലേക്ക് എത്തുന്നതോടെയാണ് പുസ്തകം അവസാനിക്കുന്നത്. പ്രസാധകർ: ഹരിതം ബുക്സ്, കോഴിക്കോട്
ഏകലവ്യൻ മലയാള ചെറുകഥയിൽ നവഭാവുകത്വം ഘോഷിക്കുന്ന കഥകളുമായാണ് വിനോദ് വിഷ്ണുദാസിന്റെ 'ഏകലവ്യൻ" പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥ ജീവിതവും, ജീവിതം കഥയുമായി മാറുന്ന അവസ്ഥാന്തരമാണ് പുസ്തകത്തിൽ. കഥകളുടെ ആഴം അറിയിക്കുന്ന വിധത്തിൽ ചിത്രങ്ങളോടുകൂടിയ ഏഴ് ചെറുകഥകളാണ് പുസ്തകത്തിൽ. പ്രസാധകർ: ഹരിതം ബുക്സ്, കോഴിക്കോട്
പൂരം, കാപ്സ്യൂൾ കവിതകൾ സമകാലിക സംഭവങ്ങളും ജീവിതവുമായി അടുത്തുനിൽക്കുന്ന നിരവധി വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് രഘൂത്തമൻ പച്ചാളത്തിന്റെ 'പൂരം, കാപ്സ്യൂൾ കവിതകൾ" അവതരിപ്പിച്ചിരിക്കുന്നത്. നൂറ്റി പതിനേഴ് ചെറുകവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിയുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളും ഗ്രാമക്കാഴ്ചകളുമാണ് പുസ്തകത്തിൽ കവിതാരൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രസാധകർ: കാഞ്ചീരവം, തിരുവനന്തപുരം