അക്ഷരങ്ങളിലെ അഗ്നിഫലം
നിരൂപണ സാഹിത്യത്തിലെ മദ്ധ്യാഹ്ന സൂര്യനായിരുന്ന പ്രൊഫ. എം. കൃഷ്ണൻനായർ വിടവാങ്ങിയിട്ട് നാളെ (മരണം: 2006 ഫെബ്രുവരി 23) ഇരുപത് വർഷങ്ങളാകുന്നു. വിശ്വസാഹിത്യത്തിൽപ്പോലും സമാനതകളില്ലാത്ത സാഹിത്യ വാരഫലവുമായി അദ്ദേഹം ദശാബ്ദങ്ങളോളം സാഹിത്യലോകത്ത് നിറഞ്ഞുനിന്നു. ഓണം വരുന്നത് കാത്തുനില്ക്കുന്നതുപോലെ അദ്ദേഹമെഴുതുന്നത് വായിക്കാൻ സാഹിത്യാരാധകർ കാത്തുനിന്നു. മറ്റു പല സാഹിത്യകാരന്മാർക്കും കിട്ടുന്നതു പോലെ, അഭിനന്ദനങ്ങളുടെയും പ്രശംസകളുടെയും റോസാദളങ്ങൾ നിറഞ്ഞതായിരുന്നില്ല പ്രൊഫ. കൃഷ്ണൻനായർ പിന്നിട്ട വഴിത്താര. ശകാരങ്ങളുടെ കൊടുങ്കാറ്റു തന്നെ പലപ്പോഴുമുണ്ടായി. വധഭീഷണി പോലും ഉണ്ടായ സന്ദർഭങ്ങളുണ്ടായി. 'തങ്ങളെക്കുറിച്ച് പ്രശംസയെഴുതുമ്പോൾ തുള്ളിച്ചാടുകയും വിമർശിക്കുമ്പോൾ സമനില തെറ്റുകയും ചെയ്യുന്നവരായിരുന്നു പല എഴുത്തുകാരു"മെന്ന് ഒരിക്കൽ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. വിമർശിച്ച് എഴുതിയതിന് നിരൂപകനും നോവലിസ്റ്റുമായ ഒരാൾ കൃഷ്ണൻനായരെ കഥാപാത്രമായി ഒരു നോവൽ തന്നെ എഴുതാനാരംഭിച്ചു. മറ്റുള്ളവർ ഇടപെട്ടതുകൊണ്ടോ എന്തോ, ആ നോവലെഴുത്ത് അദ്ദേഹം നിറുത്തിവച്ചു. കൃഷ്ണൻനായരുടെ കാലത്തു തന്നെ മലയാളത്തിൽ നിരൂപണ സാഹിത്യം മരിച്ചുകഴിഞ്ഞിരുന്നു. ആകെ ആശ്രയം 'വാരഫലം" മാത്രമായിരുന്നു. എതിർപ്പുകളുടെ തീച്ചൂളയിൽ കഴിയുമ്പോഴും അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു. മലയാള നിരൂപണത്തെക്കുറിച്ച് കൃഷ്ണൻനായർ പറഞ്ഞു: ' പാശ്ചാത്യ രാജ്യങ്ങളിൽ ഒരു പുതിയ നിരൂപണ സിദ്ധാന്തം അവതരിപ്പിക്കുന്നയാളെ മാത്രമേ നിരൂപകൻ എന്നു പറയൂ. ആ രീതിയിൽ നോക്കുമ്പോൾ നമുക്ക് നിരൂപകന്മാരില്ല. ഇന്നത്തെ നമ്മുടെ നിരൂപണം വെറും ജാഡയാണ്. ഒരു സായ്പ് മറ്റൊരു സായ്പ്പിനെപ്പറ്റി പറയുന്നത്, നാടൻ സായ്പ് മറ്റൊരു സായ്പ്പിനെപ്പറ്റി പറയുന്നു!" താൻ സാഹിത്യകാരനായതിൽ രണ്ടുപേരോടു മാത്രമാണ് കടപ്പാടെന്ന് കൃഷ്ണൻനായർ പറഞ്ഞു. ആ രണ്ടുപേർ സി.വി. കുഞ്ഞുരാമനും കെ. ബാലകൃഷ്ണനുമാണ്. തിരുവനന്തപുരത്ത്, ചാല സ്കൂളിൽ നാലാം ഫാറത്തിൽ പഠിക്കുമ്പോൾ ആ വിദ്യാർത്ഥി ഒരു ലേഖനമെഴുതി സി.വി. കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന 'നവജീവൻ" വാരികയ്ക്ക് അയച്ചു. കുറെ നാളുകൾ കഴിഞ്ഞിട്ടും ലേഖനം പ്രസിദ്ധപ്പെടുത്തിക്കണ്ടില്ല. ആ കൊച്ചു ഹൃദയത്തിൽ പടർന്നുനിന്നിരുന്ന സ്വപ്നങ്ങളുടെ നിറം മങ്ങി. എങ്കിലും നിരാശനായില്ല. പത്രാധിപരെ ഒന്നു നേരിൽക്കണ്ട് സംസാരിക്കാമെന്നു കരുതി, നടന്ന് പേട്ടയിലെത്തി. ഇന്നത്തെ 'കേരളകൗമുദി" ഓഫീസിനു നേരെ എതിർവശത്തുള്ള കെട്ടിടത്തിലായിരുന്നു അന്ന് 'നവജീവൻ" ഓഫീസ്. പത്രാധിപർ സി.വി. കുഞ്ഞുരാമൻ വരാന്തയിൽ ചാരുകസേരയിൽ കിടക്കുകയായിരുന്നു. അദ്ദേഹം തലയുയർത്തി ചോദിച്ചു: 'എന്താ വന്നത്?" 'ഒരു ലേഖനം അയച്ചിരുന്നു." വിദ്യാർത്ഥി പറഞ്ഞു. പത്രാധിപർ ലേഖനം എടുപ്പിച്ചു. വായന കഴിഞ്ഞപ്പോൾ സി.വി. ചോദിച്ചു: 'നീ തന്നെ എഴുതിയതാണോ?" 'അതെ."- വിദ്യാർത്ഥി പറഞ്ഞു. 'എന്നാൽ പൊയ്ക്കോ!" അടുത്തയാഴ്ച ലേഖനം 'നവജീവനിൽ" പ്രസിദ്ധീകരിക്കപ്പെട്ടു. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾത്തന്നെ കൃഷ്ണൻനായർ ചെറുകഥകൾ എഴുതാൻ തുടങ്ങി. ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ കുറെ കവിതകൾ എഴുതി. കൊല്ലങ്ങൾക്കു മുമ്പ് 'കൗമുദി" പത്രാധിപർ കെ. ബാലകൃഷ്ണനുമൊത്ത് മടവൂരിൽ ഒരു സ്കൂൾ വാർഷികത്തിനു പോയി. അന്നത്തെ കൃഷ്ണൻനായരുടെ പ്രസംഗം കുറെ വിഗ്രഹങ്ങളെ തച്ചുടച്ചുകൊണ്ടുള്ളതായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ കൊടുങ്കാറ്റു കഴിഞ്ഞ ശാന്തതയായിരുന്നു. കെ. ബാലകൃഷ്ണൻ ചോദിച്ചു: 'ഇതൊന്നു ലേഖനമാക്കാമോ?" അങ്ങനെയാണ് 'കൗമുദി" വാരികയിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത്. ആദ്യ ലേഖനം തന്നെ സാഹിത്യലോകത്ത് ഒരു സ്ഫോടനം സൃഷ്ടിച്ചു. പിന്നീട് അദ്ദേഹം ശരം തൊടുത്തുവിട്ടത് നിരൂപണ സാഹിത്യത്തിലെ പ്രജാപതിയായി വാണിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ നേർക്കായിരുന്നു. 'മുണ്ടശ്ശേരി: നിരൂപണ സാഹിത്യത്തിലെ ജീർണതയുടെ നായകൻ" എന്ന ശീർഷകത്തിലെഴുതിയ ലേഖനങ്ങളിൽ മുണ്ടശ്ശേരിയുടെ നിരൂപണത്തിലെ വൈകല്യങ്ങൾ എടുത്തുകാട്ടി. അങ്ങനെ തികച്ചും ഒരു വിഗ്രഹ ഭഞ്ജകനായാണ് കൃഷ്ണൻനായർ സാഹിത്യത്തിന്റെ ശ്രീകോവിലിൽ പ്രവേശിച്ചത്. കള്ളനാണയങ്ങളെയും കപടദൈവങ്ങളെയും വലിച്ചെറിയാൻ അദ്ദേഹം വായനക്കാരെ സഹായിച്ചു. നിരൂപണമെഴുതുമ്പോൾ കൃഷ്ണൻനായരിൽ ഗ്രന്ഥകർത്താവിന്റെ മുഖമില്ല. ഒരു സാഹിത്യസൃഷ്ടിയുടെ ഹൃദയസ്പന്ദനങ്ങൾ മുഴുവൻ പിടിച്ചെടുത്തിട്ടേ അദ്ദേഹം അഭിപ്രായം പറയാറുള്ളൂ. ചവറുകളെ വലിച്ചെറിയുന്നതുപോലെ ഉത്തമ ഗ്രന്ഥങ്ങളെ നെഞ്ചോടു ചേർത്ത് ആശ്ളേഷിക്കാനും അദ്ദേഹത്തിനറിയാം. വായന വാർദ്ധക്യകാലത്തും കൃഷ്ണൻനായർക്ക് ലഹരിയായിരുന്നു. പുതിയ പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും അവ സമ്പാദിച്ച് വായിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സൗന്ദര്യം ഒന്നേയുള്ളൂ. അതിന് പാശ്ചാത്യ പൗരസ്ത്യ ഭേദങ്ങളില്ലെന്ന്, എൺപത്തിരണ്ടാം വയസിൽ മരിക്കുന്നതു വരെയും അദ്ദേഹം വിശ്വസിച്ചു. (ലേഖകന്റെ ഫോൺ: 0471- 2450429