ശരിയെന്നുറപ്പിച്ചതൊക്കെ, ശരിയായിരിക്കുമോ?
''ഞാൻ കാണുമ്പോൾ, അദ്ദേഹത്തെ, സഹപ്രവർത്തകരും മറ്റും സ്നേഹപൂർവം വട്ടമിട്ടുനിന്ന് ഇപ്രകാരം പറയുന്നതാണ് കേട്ടത്: ചോദിച്ചാൽ സാർ സത്യംപറയുമോ?"കേട്ടപ്പോൾ, അടുത്തരംഗം കാണാൻ എനിക്കും താല്പര്യമായി! 'അല്ല,സാർ ഒന്നുംപറഞ്ഞില്ലല്ലോ"യെന്നായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.'അത്,ചോദ്യം കേട്ടാലല്ലേ പറയാൻ കഴിയു."എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസന്നവദനനായി നിന്നു. അദ്ദേഹം ആരായിരിക്കുമെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്, അദ്ദേഹമെന്റെ ബാല്യകാല സുഹൃത്താണ്. അദ്ദേഹം സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്ന ദിവസമായിരുന്നു അന്ന്. വളരെ മാന്യനെന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന ഒരു സീനിയർ ഓഫീസറായിരുന്നു അദ്ദേഹം. അങ്ങനെ സർക്കാർ സർവീസിനോട് വിടപറയുന്ന ദിവസം എന്തിനായിരിക്കാം അദ്ദേഹം എന്നെക്കൂട്ടി ഓഫീസിൽ പോയത് എന്നല്ലേ ആലോചിക്കുന്നത്? അത് മുപ്പത്തിരണ്ട് കൊല്ലങ്ങൾക്ക് മുമ്പ് അദ്ദേഹം എനിക്കു തന്നവാക്കു പാലിക്കുന്നതിനാണ്. അതെന്തുവാക്കെന്നല്ലേ? മുപ്പത്തിരണ്ട് കൊല്ലങ്ങൾക്ക് മുമ്പ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് കേരളത്തിന്റെ വടക്കുള്ള ഒരു ജില്ലയിൽ പോയപ്പോൾ കൂട്ടുപോയത് ഞാനായിരുന്നു. അന്ന്, തന്ന വാക്കാണ്, സർവീസിൽ നിന്നും വിരമിക്കുന്ന ദിവസവും എന്നെ കൂടെ കൂട്ടിപോയി മാത്രമേ പടിയിറങ്ങുയെന്ന്!അതിപ്പോൾ പാലിക്കപ്പെട്ടു. അദ്ദേഹത്തോടുള്ള,ആ സഹജീവനക്കാരുടെ കാതലായ ചോദ്യമൊന്നുകേട്ടാലോ: 'സാർ, ജീവിതത്തിൽ, എന്നെങ്കിലും ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ?സത്യംപറയണം, സത്യമേപറയാവൂ?" അതായത്, അദ്ദേഹം സർവീസിലുണ്ടായിരുന്ന അത്രയും നീണ്ട കാലയളവിനിടയിൽ ഒരു കീഴ്ഉദ്യോഗസ്ഥനോടും മോശമായി പെരുമാറിയിട്ടില്ല. അതുകൊണ്ടാണ്, അത്തരമൊരു ചോദ്യം ! ഇത്രയുംസന്തോഷവും, സംതൃപ്തിയും വിളങ്ങി നിൽക്കുമ്പോഴാണ്, അവിടെ കൂടിയവരിലൊരാളിന്റെയൊരു സൈഡ്കമന്റ്: 'അതൊക്കെ സാറിന്റെയൊരു അഭിനയമല്ലേ, സാറിന്റെ ഭാര്യക്കുപോലും, വിവാഹം കഴിഞ്ഞ് മൂന്നുമാസം പോലും കൂടെ കഴിയാൻ പറ്റിയില്ല!എല്ലാ ബന്ധുക്കളുമായും വഴക്ക്,വ്യവഹാരങ്ങൾ. നമ്മൾ കണ്ടതൊക്കെ അദ്ദേഹത്തിന്റെ അഭിനയം, ഇതല്ല, ശരിക്കുള്ള മുഖം. കാരണം, ബന്ധം പിരിഞ്ഞുപോയ സാറിന്റെ ഭാര്യ, എന്റെ അടുത്തൊരു ബന്ധുവാണ്. അവർ, കുറെ സഹിച്ചു! ഞാനിതിപ്പോൾ പറയാൻ കാരണം, ഇനി ഇതുപോലൊരു അവസരം എനിക്കിനി കിട്ടില്ലല്ലോ,അതുകൊണ്ടാണ്." ഇത്രയൊക്കെ ആയപ്പോൾ,ആ യാത്രയയപ്പുചടങ്ങ് എങ്ങനെയായി കാണുമെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ, അവിടെ സംഭവിക്കാൻ പാടില്ലാത്തതൊക്കെ പിന്നെ സംഭവിച്ചുയെന്നു ഞാൻ ചുരുക്കാം!"പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, അധികംപേരും മിണ്ടാട്ടമില്ലാത്തൊരു മുഖഭാവത്തിലാണ് കാണപ്പെട്ടത്. പ്രഭാഷകൻ തുടർന്നു: എല്ലാ സാഹചര്യങ്ങളിലും, എല്ലാവർക്കും ഒരേപോലെ പെരുമാറാൻ കഴിയില്ലയെന്നതാണ് സത്യമെന്ന് നമുക്കെല്ലാവർക്കുമറിയാം. എന്നാലും, ഒന്നും മനസിലാകാത്തതുപോലെ, ഉറ്റവർതന്നെ, അന്യോന്യം കുറ്റപ്പെടുത്തുന്നു!ഇതാണ്, നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന്. എനിക്ക് പിഴവുപറ്റിയെന്നൊരു സ്വയം സമ്മതം,സ്വന്തം പിഴവു മനസിലാക്കിയാലും, സമ്മതിച്ചു കൊടുക്കാൻ എത്രപേർ തയ്യാറാകും!അങ്ങനെയങ്ങ് തലകുനിക്കുവാൻ, നമ്മുടെ ഉള്ളിലിരിക്കുന്നയാൾ സമ്മതം തരുമോ? പെരുമാറ്റത്തിലെ പ്രശ്നങ്ങൾ: വൈകാരിക മാറ്റങ്ങൾ (ദേഷ്യം, വിഷാദം), ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ എന്നിവയായി പ്രകടമാകാം. ശാരീരിക അസുഖങ്ങൾ, കൗമാരപ്രായത്തിലെ മാറ്റങ്ങൾ, അമിതമായ സമ്മർദ്ദം എന്നിവയാണ് പ്രധാന കാരണങ്ങൾ. ആശയവിനിമയ തടസ്സങ്ങളും പ്രശ്നമാകുന്നുണ്ട് :കാര്യങ്ങൾ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട്, സംസാരിക്കാനുള്ള പ്രയാസങ്ങൾ അതങ്ങനെ പോകുന്നു. സാമൂഹിക ഇടപെടലുകളിലെ കുറവ്: ആളുകളുമായി ഇടപഴകുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ഒറ്റപ്പെടൽ, കൂട്ടുകാരിൽ നിന്ന് പിന്മാറുക. പരിഹാരമാർഗ്ഗങ്ങൾ: തുറന്ന ആശയവിനിമയം, കൗൺസിലിംഗ്, ശാരീരിക കാരണങ്ങളുണ്ടെങ്കിൽ ചികിത്സ, കുട്ടികളുടെ കാര്യത്തിൽ അവരുടെ വിശ്വാസം നേടിയെടുക്കുക എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ വലിയൊരളവ് പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ബാഹ്യഇടപെടലുകൾ വിളിച്ചു വരുത്തുന്നതിന് മുമ്പായി സ്വയമൊരു വിലയിരുത്തൽ നന്നായിരിക്കും, നമ്മൾ ശരിയെന്ന് ഉറപ്പിച്ചു പിടിക്കുന്നവയെല്ലാം ശരിയായി ക്കൊള്ളണമെന്നില്ല!തിരിച്ചറിവുള്ളവർ സ്വയംതോറ്റുകൊടുത്തചില തോൽവികൾ, പിന്നീട് വിജയമായിവന്നതും കണ്ടിട്ടുണ്ട്!""ഇപ്രകാരം പ്രഭാഷകനിറങ്ങിയപ്പോൾ, സദസ്യരിൽ പലരും നവജ്യോതി ദർശന നിർവൃതിയിലായിരുന്നു.