അമൃതകിരണം ഏറ്റവും സുന്ദരമായത് സ്‌നേഹം

Sunday 22 February 2026 12:56 AM IST

ഈശ്വരസൃഷ്ടിയിൽ മിക്കതിനും മറ്റുള്ളവരെ ആകർഷിക്കാനും, സന്തോഷിപ്പിക്കാനുമുള്ള കഴിവു നൽകി ഈശ്വരൻ അനുഗ്രഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പൂമ്പാറ്റകളുടെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവും തേനിന്റെ മാധുര്യവും ആരെയും ആകർഷിക്കുകയും സന്തോഷം പകരുയും ചെയ്യും. ഈ സൗന്ദര്യവും സുഗന്ധവും മാധുര്യവുമെല്ലാം അവയുടെ ഉള്ളിൽ നിന്നും വരുന്നതാണ്, പുറത്തു നിന്നല്ല. എന്നാൽ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠനായ ജീവി എന്നു പറയപ്പെടുന്ന മനുഷ്യന്റെ സ്ഥിതി എന്താണ്? അവന്റെ ശരീരത്തിന് സുഗന്ധം വേണമെങ്കിൽ പെർഫ്യൂം പുരട്ടണം. സൗന്ദര്യം വേണമെങ്കിൽ നല്ല വസ്ത്രങ്ങളും മേക്കപ്പും വേണം. പക്ഷേ എന്തൊക്കെ ചെയ്താലും അവന്റെ ഉള്ളിൽനിന്നും വരുന്നത് ദുർഗന്ധം വമിക്കുന്ന മാലിന്യം മാത്രമാണ്. എന്നാൽ നമ്മൾ ശ്രമിച്ചാൽ സുന്ദരമായതും നമ്മിൽ നിന്ന് വരും. മറ്റുള്ളവർക്ക് സന്തോഷവും ഉന്മേഷവും ആശ്വാസവും പകരുന്നവ. നല്ല ചിന്തകളും സ്‌നേഹമുള്ള വാക്കുകളും പുഞ്ചിരി പൊഴിച്ചുകൊണ്ടുള്ള പെരുമാറ്റവും, നിസ്വാർത്ഥമായ കർമ്മങ്ങളുമാണ് അവ. ഇത് മറന്നു ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നമ്മളിൽ മിക്കവരും മറ്റുള്ളവരോട് ബന്ധങ്ങൾ പുലർത്തുന്നത്. ധനം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ ജീവിതത്തെ ധന്യമാക്കുന്ന സ്‌നേഹമാകുന്ന വലിയ ധനത്തെ നമ്മൾ മറന്നുപോകുന്നു. യഥാർത്ഥ സൗന്ദര്യവും സ്‌നേഹം തന്നെ. ധനം കൊടുക്കുംതോറും കുറഞ്ഞു വരുമ്പോൾ കൊടുക്കും തോറും വർദ്ധിച്ചു വരുന്നതാണ് സ്‌നേഹമാകുന്ന ധനം. എല്ലാ നന്മകളുടെയും ഉദ്ഭവസ്ഥാനമാണത്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് ഒഴുകുന്നതും ഓരോ വ്യക്തിയെയും ശുദ്ധീകരിക്കുന്നതുമാണത്. നമ്മുടെ ഈ ജീവിതം ഏത് നിമിഷവും അവസാനിച്ചെന്നുവരാം. ആ തിരിച്ചറിവുണ്ടായാൽ ശരിയായ കാഴ്ചപ്പാടോടെ ജീവിതത്തെ നേരിടാനാകും,ചുറ്റുമുള്ളവർക്ക് സ്‌നേഹം പകരാനാകും. മരണത്തെ മുന്നിൽ കാണുമ്പോഴും ചിരിച്ചുല്ലസിച്ച് പോകാൻ സാധിക്കും. ക്യാൻസർ മുതലായ രോഗങ്ങൾ ബാധിച്ച് മരണാസന്നരായ രോഗികളോട് ഡോക്ടർമാർ പറയും, നിങ്ങൾ ഇനി മൂന്ന് മാസം അല്ലെങ്കിൽ ആറ് മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളു. മരണം മുന്നിൽ കാണുന്ന ആ നിമിഷത്തിൽ ഇതുവരെ താൻ നേടിയതും സമ്പാദിച്ചതുമൊന്നും മരിക്കുമ്പോൾ കൂടെ വരില്ല, ഏക അവലംബം ഈശ്വരൻ മാത്രമാണ് എന്ന സത്യം അവർ തിരിച്ചറിയുന്നു. അതോടെ അവരിൽ വലിയ മാറ്റം സംഭവിക്കുന്നു. എല്ലാവരെയും സ്‌നേഹിക്കാനും, തന്നോട് തെറ്റു ചെയ്തവരോടു ക്ഷമിക്കാനും, താൻ വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കാനുമുള്ള ഒരു മനസ്സ് അവർക്കുണ്ടാവുന്നു. അങ്ങനെയുള്ള ചിലർ പറയുകയുണ്ടായി, അമ്മേ, എനിക്ക് ഇനിയുള്ള കുറച്ചു ദിവസങ്ങൾ എല്ലാരെയും സ്‌നേഹിച്ചു ജീവിക്കണം. എന്റെ ഭാര്യയെയും മക്കളെയും വേണ്ടപോലെ സ്‌നേഹിക്കാൻ ഇതുവരെ എനിക്കു സാധിച്ചില്ല. ഇനി അവരെ ഒത്തിരി സ്‌നേഹിക്കണം. എന്നെ വെറുത്തവരെയും, ഞാൻ വെറുത്തവരെയുമെല്ലാം സ്‌നേഹിക്കണം. അതുമാത്രമല്ല. ഞാൻ അനേകംപേരെ വിഷമിപ്പിച്ചിട്ടുണ്ട്. അവരെയൊക്കെ കണ്ട് മാപ്പു ചോദിക്കണം. ഇതുപോലെ സ്‌നേഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് നമ്മളിൽ എല്ലാവരിലുമുണ്ട്. അതിന് മരണം തൊട്ടുമുന്നിലെത്തുന്നതുവരെ കാത്തിരിക്കണമെന്നില്ല. ശ്രമിച്ചാൽ ഇന്നുതന്നെ ആ ഒരു ഭാവം ഉണർത്തിയെടുക്കാൻ നമുക്കു സാധിക്കും. സമ്പത്തോ സ്ഥാനമാനങ്ങളോ അല്ല, സ്‌നേഹവും കാരുണ്യവും കരുതലുമാണ് ജീവിതത്തെ ധന്യമാക്കുന്നത്. ആ ഒരു തിരിച്ചറിവാണ് ഇന്ന് മനുഷ്യവർഗത്തിന് ആവശ്യം.